ആമുഖം

.......പറന്ന് പറന്ന്

നിശയുടെ കമ്പിളി പുതപ്പിലേക്ക് ഉള്വലിയാന്‍ തിരക്ക് കൂട്ടുന്ന മനസ്സ് ......പകല്‍ മുഴുവന്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു, ഒടുവില്‍ ആത്യന്തിക ലക്‌ഷ്യം അറിയുമ്പോള്‍ , അതിനടുതെതുമ്പോള്‍ ഉണ്ടാകുന്ന സുഖകരമായ ശാന്തത ........അമ്മയുടെ മടിയിലേക്ക്‌, മുടിയിഴകളെ വകഞ്ഞുകൊണ്ടുള്ള തലോടലിലേക്ക് കൂപ്പുകുത്താനുള്ള വെമ്ബലുമായി....



ദിക്ക് തെറ്റാതെ ..... തളരാതെ ...... പറന്ന് പറന്ന്.......








Saturday, May 21, 2011

പടക്കം

  പടക്കം                

ഞാനും എന്റെ സുഹൃത്തും  ദീപാവലിക്ക് പൊട്ടിക്കാന്‍ വാങ്ങിയ പടക്കത്തെ കുറിച്ച് ഞാന്‍ അല്‍പ്പം എഴുതട്ടെ!!!

ഞാനും അവനും കൂടെ ഉച്ചവെയില്‍ കുറെ കൊണ്ട്, വരിയില്‍ നിന്ന് പടക്കം വാങ്ങിച്ചു....അന്ന് ദീപാവലിയുടെ തലേന്ന് ആയിരുന്നു ...എന്നെത്തെയും പോലെ വൈകുന്നേരം കളിച്ചോണ്ട് നില്‍ക്കുമ്പോള്‍ അണ്ണന്‍ വന്നു വിളിച്ചു " ഡാ 1 മിനിറ്റ് വന്നിട്ട് പോ. മുകളില്‍ വാ. ഇപ്പ പോകാം"  അണ്ണനെ ബഹുമാനമുള്ള കൂറുള്ള അണികളാണ് ഞങ്ങള്‍ (ചുമ്മാ പറഞ്ഞെ ആണേ...ചോറ് തന്നു വളര്‍ത്തിയ തന്തയോടും തള്ളയോടും കൂറ് കാട്ടാതവന്മാര്‍  ഫൂ ..പിന്നെ പോയത് പേടി കൊണ്ടാണോ?...ഏയ്‌ അതല്ലാ ..).
അണ്ണന്‍ വിളിച്ചത് "ഖൊരാവോ" ചെയ്യാന്‍ ആണ്. അതിനു ആള്‍ ഉണ്ടെങ്കിലെ ബലമുള്ളൂ പോലും...

.ഖൊരാവോ വിശേഷങ്ങളിലേക്ക്  നിങ്ങള്ക്ക് സ്വാഗതം.

 ഞാന്‍ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിലെ  നേതാവ് അന്നേരം  കാട്ടിക്കൂട്ടിയ ചെറിയ ചില പരാക്രമങ്ങളെ കുറിച്ച് അല്പം ജാള്യതയോടെ തന്നെ കുറിക്കട്ടെ....
                അഭിപ്രായ വ്യത്യാസങ്ങള്‍ അധികാരികളും ജോലിക്കാരും തമ്മില്‍ ഉണ്ടാകുന്നത് ആദ്യമായിട്ടൊന്നുമല്ല. അതില്ലായിരുന്നുവെങ്കില്‍ നമ്മുടെ  ഈ പ്രസ്ഥാനത്തിന് ഒരു നില നില്‍പ്പും ഇല്ല. റഷ്യ യില്‍ തന്നെ അന്നേ ചവിട്ടി മെതിക്കപ്പെട്ടെനെ....
ആര്‍ക്കോ ഇഷ്ടപ്പെട്ടവരെ എവിടെയോ എഴുന്നള്ളിക്കുന്നതിനെ ചൊല്ലി നമ്മുടെ  അധികാരിയും     ( അവസാനം വായിച്ചാ മതി ഇത്..pls  continue അയാള്‍ പരമ നാറി...അധികാരം കിട്ടാന്‍ ഒരുത്തനെ കാലുപിടിക്കും...അത് നിലനിര്‍ത്താന്‍ അവന്റെ മുഖത്ത് തുപ്പി ഇനിയോരുത്തന്റെ കാലു പിടിക്കും...അല്ല അങ്ങനെ ഉള്ളവന്‍ അല്ലെ ജീവിച്ചു പോകൂ  ഈ കാലത്ത്...?)    ജീവനക്കാരും തമ്മില്‍ ചെറിയ ഒരു സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷം എന്ന് പ്രയോഗിച്ചതിനു  മാപ് ചോദിച്ചു കൊള്ളുന്നു. വെറുതെ പറഞ്ഞു തീര്‍ക്കാനുള്ള ഒരു പ്രശ്നം. അത് സംഘര്‍ഷം ആക്കുന്നതിനു അണിയറ നീക്കം നടക്കുന്നത് കണ്ടാല്‍ തോന്നും , അമേരിക്ക താലിബാനെ തുരത്താന്‍ പോവുകയാണെന്ന്....എന്തായാലും എനിക്ക് അത് കണ്ടു കോമഡി ആയി തോന്നി, കാരണം നമ്മുടെ നേതാവ്  അതിനു വേണ്ടി കാട്ടികൂട്ടിയ ചില വിക്രിയകള്‍ കാരണമാ.
               ഫയല്‍ പഠിക്കാനായി അധികാരി സമയം ആവശ്യപ്പെട്ടു. (അയാള്‍ അങ്ങ് പഠിച്ചു മറിച്ചാണ് എല്ലാം ചെയ്യുന്നേ പോലെ?) അത് കേട്ടതും   ദേഷ്യത്തില്‍ പുറത്തിറങ്ങിയ നേതാവ് ആള്‍ കൂട്ടതിനുള്ളില്‍  ചെന്ന് " ആരെടാ?" എന്ന് ഉറക്കെ ചോദിക്കുന്നു. പ്രോടോകോള്‍ പ്രകാരം അധികാരിയെ "ആരെടാ" എന്ന് ചോദിക്കാമോ എന്തോ?... ശബ്ദം മാത്രം എല്ലാവരും കേട്ടു.  ആര് പുറപ്പെടുവിച്ചു എന്ന് ആരും കേട്ടില്ല. അതാണ്‌ നേതാവിന്റെ ധൈര്യം..കഴിവും   .അത്രയും നേരം അധികാരിയുടെ മുറിയില്‍ നിന്നപ്പോള്‍ ഇയാള്‍ എന്താ "ആരെടാ" എന്ന് ചോദിക്കാത്തെ  എന്ന് ഞാന്‍ സംശയിച്ചു....

അതിനാല്‍ ഉടന്‍ തന്നെ, ധൈര്യം ഉണ്ടെന്നു കാണിക്കാന്‍ ആയിരിക്കും നമ്മുടെ നേതാവ് അധികാരിയുടെ  half door പിടിച്ചു ശക്തിയായി അടിച്ചു.... ദേഷ്യം കൊണ്ട് എനിക്ക് നില്ക്കാന്‍ വയ്യേ എന്ന മട്ടില്‍. പിന്നെ ഉലാത്തല്‍ ആയി.അതിലും അടങ്ങാതെ  താഴെ വന്നു, പാവപ്പെട്ട സെക്യൂരിറ്റി ക്കാര്‍  ' പാദസരം കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് ' കാണിച്ചു വച്ചിരുന്ന ബോര്‍ഡ്‌ മൂന്നു എണ്ണം കീറി ഓഫീസിന്റെ മുന്നില്‍ ഇട്ടു.

ആ പാദസരം നഷ്ടപ്പെട്ട പെങ്കൊച്ചിനു ഏഴര ശനിയായിരിക്കും....

ഖൊരാവോ പ്രഹസനം ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി....

അപ്പോഴേക്കും പുറത്തു പടക്കം പൊട്ടുന്നുണ്ടായിരുന്നു...എന്റെയും സുഹൃത്തിന്റെയും പടക്കം അപ്പോഴും പൊതിക്കുള്ളില്‍ ആയുസ്സ് നീട്ടി കിട്ടിയെന്റെ സന്തോഷത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു...

തമോഗര്‍ത്തം

തമോഗര്‍ത്തം

 
എന്‍റെ രാത്രികള്‍ എങ്ങനെ ആയിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ഞാന്‍ തന്നെ പറഞ്ഞു തരാം.  ആഘോഷങ്ങളും, വ്യാകുലതകളും ഉള്‍പ്പെടെ വിവിധ ഭാവങ്ങളെ, ഒരേ രംഗത്തില്‍ അവതരിപ്പിച്ചു ആടിത്തളര്‍ന്ന  ഒരു മനസ്സിനെ അനുനയിപ്പിക്കാന്‍ ജൈവ ഘടികാരം സൃഷ്ടിച്ച ഫോര്‍മുല - സുഖകരമായ നിദ്ര  (എന്തേ?, എല്ലാവര്ക്കും  ഇങ്ങനയൊക്കെ തന്നെ അല്ലേ, രാത്രികള്‍ ?). പറയട്ടെ...ഉറക്കത്തിനു നടുവില്‍, യാമങ്ങള്‍ ഏതെന്നു അറിയിക്കാതെ, കാല്‍പ്പെരുമാറ്റം കേള്പ്പികാതെ കടന്നു വന്ന്, കണ്കെട്ട് വിദ്യക്കാരനെ പോലെ ഫാന്ടസിയുടെ ലോകം തീര്‍ക്കുന്ന  മധുരിക്കുന്ന ഒരു സ്വപ്നം. സ്വപ്നം അവസാനിപ്പിക്കാന്‍ ഒരു വഴിയും കണ്ടെത്താനാകാതെ വരുമ്പോള്‍, ഈ കാല്‍പ്പനികതയുടെ പേക്കൂത്ത് അവസാനിപ്പിക്കാന്‍, ' മതിയാക്കൂ  '  എന്നലറിക്കൊണ്ട്, സ്വപ്നം കാണുന്ന മനസ്സിനെ അഗാധമായ താഴ്ചയിലേക്ക് തള്ളിയിടും,  (ആരാണ് തള്ളി വിടുന്നതെന്ന് എനിക്ക് പറയാന്‍ കഴിയില്ല....ദുഷ്ടതരമെന്നല്ലാതെ ഇതിനെ എന്ത് പറയാന്‍). നിലയില്ലാ  താഴ്ചയിലേക്ക്  പതിക്കുമ്പോള്‍ ,  ഒരു  പിടിവള്ളി പോലുമില്ലാതെ  മരണത്തെ  മുഖാമുഖം  കാണുമ്പോള്‍ ഞാന്‍  ഞെട്ടി ഉണരുന്നു. ഭയ വിഹ്വലതകള്‍ മാറാതെ കണ്ണ് തിരുമ്മി, പിണങ്ങി മാറി കിടന്നുറങ്ങുന്ന എന്‍റെ പുതപ്പിനെ ഞാന്‍ എന്‍റെ താല്‍ക്കാലിക രക്ഷാ കവചമാക്കും. സ്ഥല കാല ബോധമില്ലെങ്കിലും, അപ്പോള്‍ രാത്രി പകുതിയേ പിന്നിട്ടിട്ടുണ്ടാവൂ എന്ന് ഞാന്‍ സ്വയം ആശ്വസിക്കും.  പിന്നെ ഒന്നും കാണാനും കേള്‍ക്കാനും തയ്യാറാകാതെ പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറും - പ്യൂപയെപ്പോലെ സമാധിയിലേക്ക്. വളരാന്‍... ജീവിക്കാന്‍.അവിടെ ഞാന്‍ ഏകന്‍. ഇന്ദ്രിയങ്ങളെ ഇരുട്ടിന്റെ കറുത്ത ചങ്ങലകള്‍ കൊണ്ട് പൂട്ടി, വീണ്ടും സുഖം തേടി കണ്ണടക്കുന്നു. എന്‍റെ രാത്രികള്‍ അതിനു ശേഷം സുഖകരമായിരുന്നു. പിന്നെ ഞാന്‍ എന്നെ അറിയുന്നത് , ആഘോഷങ്ങളുടെയും  വ്യാകുലതയുടെയും    തീക്കതിരുകള്‍ എന്നെ പോള്ളിക്കുമ്പോള്‍ ആയിരിക്കും.  നിങ്ങളും  എന്നെ പോലെ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? സ്വപ്‌നങ്ങള്‍ എല്ലാം നിങ്ങളെയും താത്കാലിക മരണത്തിലേക്ക് തള്ളി വിടാരുണ്ടോ?  എന്നാല്‍ നിങ്ങളൊക്കെ ഭാഗ്യവാന്മാര്‍... ഭാഗ്യവതികള്‍ ... പക്ഷേ ആ രാത്രികള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടു നാളേറെയായി.....
ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്. ഈ ഓര്‍മ്മകള്‍ നില നില്‍ക്കുന്നുണ്ട്. എത്ര നാളേക്ക്? അവയും ഉടന്‍ നഷ്ടപ്പെടും. പിന്നെ ഞാന്‍ എറിയപ്പെടുന്നത് നിലയില്ലാ താഴ്ചയിലേക്ക്.

ഹോളിവുഡ് ഹോറൊര്‍ സിനിമകളെ വെല്ലുന്ന ദ്രിശ്യങ്ങളാണ് ചുറ്റും. ശംശയിക്കേണ്ട, ഞാനും ഒരു കഥാപാത്രമായി സ്വയം രൂപാന്തരം പ്രാപിക്കുകയാണ് - പ്യൂപയില്‍  നിന്ന് പുഴുവിലെക്കുള്ള രൂപാന്തരം. അല്പസ്വല്പം ഭയം ശ്രിഷ്ടിക്കുമെങ്കിലും ഞാന്‍ ഇപ്പോള്‍ നിസ്സഹായനാണ്. എന്‍റെ ജീവിതത്തിലെ വിഷമസന്ധിയിലാണ് ഇപ്പോള്‍, കൃത്യം ഈ സമയത്ത് തന്നെ ഞാന്‍ ഏകനുമാണ്. എന്‍റെ രക്ഷാ കവചം എന്നെ ഉപേക്ഷിച്ചിരിക്കുന്നു. വളര്‍ച്ച എത്തി...അകാല ജനനം ...എന്നാല്‍ പറന്ന് രക്ഷപ്പെടാനും കഴിയുന്നില്ല. ഈ ആശുപത്രിയും അതിന്‍റെ പ്രസിദ്ധിയും വലുതാണ്. പക്ഷേ അതൊന്നും തന്നെ എന്നെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരാന്‍ പ്രാപ്തിയുള്ള സംവിധാനങ്ങള്‍ ആണെന്നുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയിരിക്കുന്നു. മനസ്സില്‍ തികട്ടി വരുന്നത് ഓര്‍മ്മകള്‍ മാത്രമാണ്. അവ സ്വപ്നങ്ങളെ പോലെ ഭയപ്പെടുതുന്നവയല്ല. നിര്‍വികാരികത ആണ് ഓര്‍മ്മകളുടെ കൂട്ടുകാരന്‍. 

എന്തൊക്കെ പറഞ്ഞാലും മനസ്സ് ഒരു ആല്‍ബം പോലെ ആണ്. ഓര്‍മ്മകള്‍ കോര്‍ത്ത്‌ വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  ജീവിതം കൊണ്ട് എന്ത് അര്‍ഥം?. സത്യം പറയാമല്ലോ...ഞാന്‍ ഇപ്പോളും ജീവിക്കുന്നു എന്ന് വിശ്വസിക്കുന്നത് തന്നെ അത് കാരണമാ...പക്ഷെ എത്ര നാളത്തേക്ക്?. എനിക്ക് ഇപ്പോള്‍ എന്റെ ജീവിതവുമായി വളരെ ബന്ധമില്ലാത്തതും, ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടതതുമായ് കാര്യങ്ങലാ ഓര്‍മ്മ വരുന്നേ...ഇന്ന് ഈ അവസാന നിമിഷം തന്നെ ഓര്‍മ്മ വന്നെ രണ്ടു സംഭവങ്ങള്‍ ഇതൊക്കെയാണ്...അവസാന നിമിഷം എന്ന് ഞാന്‍ ബോധ പൂര്ര്‍വ്വം പറയുന്നതാ..ഏതാണ് അവസാന നിമിഷം എന്ന് നിങ്ങള്ക്ക് പോലും പറയാനോക്കില്ലാ  . പിന്നെയല്ലേ എനിക്ക്..
ഫിസിക്സ്‌ ഡിഗ്രി ക്ലാസ്സില്‍ ആനന്ദ് സര്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ ഓര്‍മ്മ വരുന്നു...ആ ക്ലാസുകള്‍ ഒന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.. ആ സമയം അത്രെയും, ബോബ് ചെയ്ത മുടിയും അത് ഒതുക്കി വയ്ക്കുന്ന ബോ യും വച്ച ആ പെണ്ണിനെ തന്നെ നോക്കിയിരിക്കുമായിരുന്നു. അവളോട്‌ പറയാതെ ഞാന്‍ അവളെ പ്രണയിച്ചിരുന്നു. എന്റെ കള്ളം കണ്ടു പിടിച്ച സര്‍ എന്നോട് അന്ന് ബ്ലാക്ക്‌ ഹോള്‍  എന്താണെന്ന് ചോദിച്ചതും,  ചന്ദ്രനിലുള്ള കുഴിയെന്നു ഞാന്‍ ഉത്തരം എറിഞ്ഞു നോക്കിയതും ക്ലാസ്സ്‌ മുഴുവന്‍ കൂട്ട ചിരിയില്‍ അമര്‍ന്നതും, വിഡ്ഢിയായി ഞാന്‍ തല കുനിച്ചു നിന്നതും എല്ലാം ഓര്‍മ്മ വരുന്നു ഇപ്പോള്‍. അന്ന് സര്‍ എനിക്ക് വേണ്ടി അതൊക്കെ ഒരു തവണ കൂടി പഠിപ്പിച്ചപ്പോള്‍ ആദ്യമായി ഞാന്‍ സര്‍ ഇന്റെ ക്ലാസ്സ്‌ ശ്രദ്ധിച്ചിരുന്നു.ഇതിനു പുറമേ ഓര്‍മ്മ വരുന്നത് എന്റെ വീര സാഹസികത ആണ്?   ...എന്താണെന്നോ?  ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഞാന്‍ ബാറ്റ് ചെയ്തപ്പോള്‍ പന്ത് ഉയര്‍ന്നു പൊങ്ങി റെയില്‍വേ ലൈനിന് അപ്പുറം ഉള്ള തെങ്ങിലെ തേങ്ങയില്‍ ചെന്ന് ഇടിച്ചു തിരിച്ചു വന്നതും, എന്നെ എല്ലാവരും അത്ഭുതത്തോടെ നോക്കിയതും ഇപ്പോള്‍ അതേപടി കാണാന്‍ കഴിയുന്നു....കോമഡി അല്ലാതെ എന്താ അല്ലെ? ...ആവശ്യമില്ലാതെ  കാര്യങ്ങള്‍.....
പക്ഷെ, എന്ത് കൊണ്ട് എന്നെ ഉപേക്ഷിച്ചു പോയ എന്റെ ഭാര്യയെ ഞാന്‍ ഓര്‍ക്കുന്നില്ല...പുതിയ ക്യാമറ വച്ച്  ഞാന്‍ തുമ്പികളുടെ ഫോട്ടോ എടുത്തത്‌, അസ്തമയത്തിന്റെ ഫോട്ടോ എടുത്തത്‌ ഒക്കെ ഞാന്‍ ഓര്‍ക്കുന്നു...ഇപ്പൊ ഒരു സംശയം . എന്തെ ഞാന്‍ ഉദയത്തിന്റെ ഫോട്ടോ അന്ന് എടുത്തില്ല. അയ്യോ...ഉദയത്തിന്റെ ഫോട്ടോ എന്നാണ് ഇനി എടുക്കാന്‍ കഴിയുക? ..ഓര്‍മ്മകള്‍ ...അതൊക്കെ മാഞ്ഞു തുടങ്ങിയ ഈ സമയത്ത് ഇനി അതിനൊക്കെ കഴിയുമോ? ..." ദൈവമേ!", അങ്ങനെ ഞാന്‍ വിളിച്ചു തുടങ്ങി.. ഈ കിടക്കയില്‍ വച്ച് എങ്കിലും ഞാന്‍ ദൈവത്തെ വിളിച്ചല്ലോ... എന്റെ ഭാര്യ അവള്‍ എത്ര തവണ എന്നെ അമ്പലത്തില്‍ കൊണ്ട് പോകാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. . അപക്വം ആണ് കമ്മ്യൂണിസം എന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു...മരണം ഗോര്‍ബചെവായി , ഗ്ലാസ്നോസ്റ്റ്‌ ഉം  പെരെസ്ട്രൊഇക  ഉം സൃഷ്ടിക്കുന്നു..അതിന്റെ ശക്തിയില്‍  ഈ കമ്മ്യൂണിസ്റ്റ്‌ കോട്ട തകരുന്നു....ദൈവം അവതരിക്കുന്നു...Stalingrad , St peitersburg ആയതുപോലെ. ദൈവം വരുന്നുണ്ട് ഉള്ളില്‍...ഉള്ളില്‍ അല്ല എന്റെ കിടക്കക്കരിലേക്ക്.....ശരിയാണ്  ആരോ വരുന്നുണ്ട്..പക്ഷെ ദൈവമല്ലല്ലോ?....നശിച്ച ഡോക്ടര്‍ ആയിരിക്കും..അയാള്‍ക്ക്‌ വേദനിപ്പിക്കാന്‍ മാത്രമേ അറിയൂ

അല്ല ദൈവം അല്ല വരുന്നത്..വെള്ള കുപ്പായം ഇട്ട സാത്താന്‍ ആണ്..എന്റെ കൈയ്യില്‍ സാത്താന്‍ പിടിച്ചു വലിക്കുന്നുണ്ട്. ഞാന്‍ എങ്ങനെ  പോകാന്‍ കൂട്ടാക്കും? ...ദൈവത്തെ ഞാന്‍ തിരഞ്ഞു.."എന്നെ രക്ഷിക്കു ..കൊണ്ട് പോകരുതെന്ന് പറയു"...സാത്താന്‍ ജയിക്കുന്നല്ലോ..നല്ല ബലമാ സാത്താന് ...എന്തെ എന്നെ ദൈവം രക്ഷിക്കാത്തെ ...ഇത്രയും കാലം ദൈവത്തെ തള്ളി പറഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയതു കൊണ്ടാണോ...? എന്നാല്‍ പിന്നെ സാത്താന്‍ എന്തെ എന്റെ കൂടെ നില്‍ക്കാതെ?...ഈ അവസാന നിമിഷം ആരും കൂടെ ഇല്ലല്ലോ. എന്നെ സഹായിക്കാന്‍ ആര്‍ക്കും കഴിയുന്നല്ലോ..എന്റെ തല പൊളിയുന്നു...രണ്ടായി വിഘടിക്കുന്നു...രക്തം അന പൊട്ടി ഒഴുകുന്നു..രക്തം വായില്‍ കൂടെ  അകത്തേക്ക് തന്നെ പോകുന്നല്ലോ...
സാത്താന്‍ എന്നെ കൂട്ടി കൊണ്ട് പോകുന്നത് ഞാന്‍ സ്വപ്നം കാണുന്ന താഴ്വാരയിലെക്കാണല്ലോ ..അഗാധമായ താഴ്ചയിലേക്ക് എന്നെ തള്ളിവിട്ടു സാത്താന്‍..ഈ സാത്താന്‍ ആണോ എന്നെ ദിവസവും സ്വപ്നത്തില്‍ കടന്നു വന്നു അഗാധധയിലേക്ക് തള്ളി വിടുന്നത്....അയ്യോ...അപ്പോഴെല്ലാം എന്നെ ദൈവം ആണല്ലോ രക്ഷിച്ചിരുന്നെ?.കമ്മ്യൂണിസ്റ്റ്‌ കളെ ദൈവം രക്ഷിക്കുമോ?

....പക്ഷെ ഇത് സ്വപ്നമാണല്ലോ?...സ്വപ്നവും സത്യവും ഇപ്പോള്‍ കൂടി കുഴയുന്നുണ്ട്....ഞാന്‍ ഉണര്‍ന്നു തന്നെയാണല്ലോ ഇരിക്കുന്നെ. സ്വപ്നം കണ്ടിട്ടാണോ ഉണര്‍ന്നത്?  എവിടെ  എന്റെ രക്ഷ കവചം?. ഇരുട്ട് മാത്രം ആണ് ഒരേ ഒരു ആശ്വാസം. പക്ഷെ ആ ഇരുട്ട് തമോഗര്തത്തിന്റെ (ബ്ലാക്ക്‌ ഹോള്‍ )  ഇരുട്ടല്ലേ? അത് എല്ലാത്തിനെയും തന്നിലേക്ക് ആനയിക്കുന്നു. ഒന്നിനെയും പുറത്തു വിടാറില്ല. എന്നെയും അങ്ങോട്ടാണോ കൊണ്ട് പോകുന്നത്?..അതെ ശരിക്കും... ഞാന്‍ പോകുന്നതല്ല...വലിച്ചു അടുപ്പിക്കുന്നതാ ....തിരികെ പോകാന്‍ മനസ്സ് കൊതിക്കുന്നു..പക്ഷെ ശക്തിയില്ല... ചോര എല്ലാം പോയി ഞാന്‍ ക്ഷീണിച്ചിരിക്കുന്നു...
അപ്പോഴും ഞാന്‍ ജീവിക്കുന്നു...ഉറപ്പായിട്ടും...ഓര്‍മ്മകളില്‍ കൂടെ....എന്തിനാ അവള്‍, എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയത്?

Saturday, October 16, 2010

പ്രണയ സായൂജ്യം

 പ്രണയ സായൂജ്യം

                  തിരക്കേറിയ ആ ബസില്‍, ഞാന്‍ ഓഫീസില്‍ പോകുവാനായി കയറിയതാണ്. സാധാരണ ഈയിടെയായി ഞാന്‍ ബസില്‍ കയറാറില്ല. എന്‍റെ കാര്‍ സര്‍വീസിനു നല്‍കിയിരിക്കുന്നു. എന്തായാലും ഇന്ന്  ആട്ടോ പിടിക്കേണ്ട എന്ന് കരുതി ആദ്യം കണ്ട ബസില്‍ തന്നെ കയറി.  പ്രൈവറ്റ് ബസില്‍ കയറാതിരിക്കാന്‍ - ആ ബസ്സ്‌ ഏതോ ഒരു മുതലാളിയുടെതാകുമല്ലോ  -  ഞാന്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. സമത്വ സുന്ദര സ്വപ്നങ്ങള്‍ക്ക്   ഗതിവേഗം പകര്‍ന്നു കൊണ്ട് എന്നിലെ നവ ലിബറല്‍ ഇടതുപക്ഷക്കാരന്‍  സര്‍ക്കാര്‍ ബസ്‌ തന്നെ തിരഞ്ഞെടുത്തു. മത്സരം ആണ് വളര്‍ച്ചയുടെ മൂലധനം എന്ന് പറഞ്ഞത് ഫിലിപ്പ് കോട്ലെരോ* അതോ ഐ എം എഫ് ഉദ്യോഗസ്ഥനോ മറ്റോ ആണ്. ഇവരുടെയൊക്കെ അനുഗ്രഹത്താല്‍ മത്സര ബുദ്ധിയോടെ കയറിയത് കാരണം എനിക്ക് സീറ്റ് കിട്ടി. കൂടെ മത്സരിച്ചു  പരാജയപ്പെട്ട്, കമ്പിയില്‍ പിടിച്ചു തൂങ്ങി നില്ക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനെ ഞാന്‍ സ്വാര്‍ഥതയും അഹങ്കാരവും ആവരണം ചെയ്ത സഹതാപത്താല്‍ നോക്കി നെടുവീര്‍പ്പിട്ടു. 'സഖാവെ,   ഒരു സീട്ടിനാണ്   ഈ നാട്ടില്‍ ഏറ്റവും  അധികം ആവശ്യക്കാരും അടിപിടിയും...'.
പൊതുജനങ്ങളോട് ഒന്നാകെ, ദേഷ്യം  ശാപവാക്കുകളാല്‍   ഉരുവിട്ട്   കൊണ്ട്   ആ   ബസ്സ്‌   നിരങ്ങി നീങ്ങി.  ഞാന്‍   അടുത്തിരിക്കുന്നവനെ സാകൂതം  വീക്ഷിച്ചു.  ഒരു  പയ്യന്‍.  ഒട്ടും  മോഡേണ്‍  അല്ലാത്തവന്‍. അവന്റെ  കുപ്പായങ്ങള്‍ക്ക്   നാണം  മറക്കുന്ന പ്രാഥമിക ജോലി മാത്രമേ ചെയ്യുവാനുണ്ടായിരുന്നുള്ളൂ.  ഞാന്‍ ഇട്ടിരിക്കുന്ന multi national brand പ്രദാനം ചെയ്യുന്ന ആത്മവിശ്വാസത്തിന് മുന്‍പില്‍ അത് മുഖം കുനിച്ചു.  തൊട്ടടുത്ത്‌ ഇരിക്കുന്നവനില്‍, അന്നത്തെ അവന്റെ നല്ല മൂഡ്‌ കളയുവാന്‍  തക്ക വണ്ണം ഞാന്‍ എന്‍റെ അഹങ്കാരത്തിന്റെ കയ്യും കാലും കൂടുതല്‍ ധിക്കാരത്തോടെ തന്നെ extend ചെയ്തു. വല്ലാതെ അവജ്ഞയോടെ എന്നെ നോക്കിയ ആ പയ്യനെ ഞാന്‍ പകുതി അടഞ്ഞ, കണ്ണടക്കു മുകളില്ലോടെ ശ്രമപ്പെട്ടു എത്തിനോക്കുന്ന,  'gazetted  കണ്ണ്' കൊണ്ട് വിരട്ടി ഒതുക്കി. ഞാന്‍ വര്‍ഷങ്ങളുടെ ശ്രമഭലമായി നേടിയെടുത്ത ക്രൂര ഭാവം - അതാണല്ലോ സ്ഥായീഭാവം - ആ വിരട്ടലിനു കൂടുതല്‍ പ്രസക്തിയേകി. 'Gazetted ആപ്പീസര്‍മാരുടെ സംഘടനയുടെ ജില്ലാ കമ്മിറ്റി മെമ്പര്‍  ആയ തന്നോട് കളിക്കല്ലേ മോനെ . നിന്റെ അപ്പനും അമ്മയും കാസര്‍ഗോഡ്‌ കാണും'.
പിന്നെ ഞാന്‍  അഹങ്കാരത്തിന്  നീളവും  വ്യാപ്തിയും  കൂട്ടി,  ഇനി  നിനെക്കെന്തെലും  പറയാനുണ്ടോടാ എന്ന പുച്ഛത്തോടെ....

തിരക്ക്  എനിക്ക്  ഇഷ്ടമുള്ള  വിഷയമേയല്ല. വിരക്തിയില്‍ നിന്ന് വിടുതല്‍ നേടാനുള്ള  സുഖിമാന്മാരുടെ പാഴ്ശ്രമം ആയാണ്  എനിക്ക് തിരക്ക് അനുഭവപ്പെടാരുള്ളത്. അത്തരക്കാരെ കപട നാട്യക്കാര്‍ എന്ന് അഭിസംബോധന ചെയ്യാന്‍ മാത്രമേ ഞാന്‍ ഇഷ്ടപെട്ടിരുന്നുള്ളൂ.  ഓഫീസില്‍, 'തിരക്ക് കൂടുന്നത് ജോണി സാറിന് ഇഷ്ടമില്ല' എന്ന് പ്യൂണ്‍ സുരേഷ് ഞാന്‍ കേള്‍ക്കാതെ  അഭിപ്രായപ്പെട്ടത് എന്‍റെ  'well wishers' ആയ മഹിളാമണികള്‍ എന്നോട് രഹസ്യമായി  പറഞ്ഞിട്ടുണ്ട്. അതിനു പ്രതികാരമായി ഒരു ദിവസം ഞാന്‍ അവനെ രാത്രി 8 മണിവരെ ജോലി തിരക്കിന്റെ പേരും പറഞ്ഞു പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അവിടെ തിരക്ക് എന്നെ സഹായിച്ചത്  പ്രതികാര ഉപകരണമായിട്ടാണ്. എന്നോട് കളിച്ചാല്‍ അങ്ങനെ ഇരിക്കും. പുത്തന്‍ സാമൂഹിക ക്രമത്തില്‍ അടിയാളനും മേലാളനും ആരാണെന്നു അന്ന് ഞാന്‍ അവനു കാട്ടികൊടുത്തു. എന്നിരുന്നാലും അവന്‍ പറഞ്ഞതിലും ചെറിയ കാര്യമില്ലാതില്ല. മുന്നോട്ടും പിന്നോട്ടും പോകുന്ന യാത്രക്കാരുടെ തട്ടലും മുട്ടലും എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. 'നാട്യക്കാരെ... ഈ തട്ടലുകളും  മുട്ടലുകളും നിങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ്!' എന്‍റെ ദേഷ്യം മുഖത്തെ ഭാവാഭിനയമായി പുറത്തു വരുമ്പോളേക്കും തട്ടിയവന്‍ നടന്നു നീങ്ങിയിട്ടുണ്ടാവും. പിന്നെ ആ ഭാവം അടുത്ത് നില്‍ക്കുന്നവന്റെ മുഖത്തേക്ക് തുപ്പി, 'എല്ലാവനും കൂടി വേണ്ടിയിട്ടാ ഞാന്‍ ഇത് പ്രകടിപ്പിച്ചത്' എന്ന പുതിയ ഭാവം മുഖത്ത് വരുത്തിച്ചു കൈയും കെട്ടി ഇരിക്കും. സമത്വ സുന്ദര ലോകം സ്വപ്നം കാണുന്ന എന്നിലെ ലിബറല്‍ ഇടതുപക്ഷ സാമൂഹ്യ ജീവി ആ യാത്രയില്‍  ഉടനീളം സഹജീവികളോടുള്ള  ദേഷ്യവും വെറുപ്പും മിക്സ്‌ ചെയ്തു കഴിച്ചു കൊണ്ടേയിരുന്നു... അതില്‍ നിന്ന് ലഹരി നുകര്‍ന്നുകൊണ്ടിരുന്നു ...

ബസ്‌ ഒരു പ്രധാന കവലയില്‍ എത്തി. ഇനി എന്‍റെ ഓഫീസിനു മുന്നില്‍  എത്താന്‍ 3 സ്റ്റോപ്പ്‌ കൂടെ ഉള്ളൂ. അപ്പോളാണ് കീചോം മീചോം എന്ന് കരഞ്ഞു കൊണ്ടിരിക്കുന്ന,   ഒരു കൈക്കുഞ്ഞിനെ കട്ടിയുള്ള തുണിയില്‍ പൊതിഞ്ഞ  കൊണ്ട്  അതിന്‍റെ തള്ളയും പിന്നെ വേറൊരു സ്ത്രീയും എന്‍റെ സീറ്റിനു അടുത്തേക്ക് വന്ന് നിന്നത്. കുഞ്ഞാണെങ്കില്‍ വല്ലാതെ കരയുന്നുണ്ട്. അവനും എന്നെപ്പോലെ സാമൂഹ്യ ജീവിയായി വളരുകയാണ്. അവന്റെ പ്രതിഷേധം ശബ്ദമായി പുറത്തു വരുന്നു. പക്ഷേ അവന്‍ എന്നെയും ശത്രുവായി കാണുന്നുണ്ട്. അതിനാല്‍ അവനോടു ഒരു അനുകമ്പയും വേണ്ട എന്ന് സ്വാര്‍ഥന്‍  ജോണി പിറുപിറുത്തു. എനിക്ക് ദേഷ്യം കൂടി വരുന്നുണ്ട്. കാരണം, ആ ശബ്ദം എന്‍റെ ചെവിയിലാണ് കൂടുതല്‍ വീഴുന്നത്. ഒരു dystopia* * രൂപപ്പെടുന്നത് സഹ യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ ആ നില്‍ക്കുന്നവരെ  ശ്രദ്ധിക്കാതെ ഇരുന്നു. നോക്കിപ്പോയാല്‍ സീറ്റ്‌ മാറിക്കൊടുക്കേണ്ടി വരും. അതാണല്ലോ ഈ സാമൂഹിക വ്യവസ്ഥയിലെ ഒരു നശിച്ച കീഴ്വഴക്കം. ഞാന്‍ എന്തിനു മാറണം? വേറെ ആള്‍ക്കാര്‍ ഇരിക്കുന്നില്ലേ? അവര്‍ക്കുമില്ലേ മര്യാദകളും കീഴ്വഴക്കങ്ങളും? എങ്കിലും, ജന്മനാ എനിക്കുള്ള  ജിജ്ഞാസ എന്നെ പിടികൂടിയതിനാലും, എന്‍റെ പരിചയക്കാര്‍ ആരെങ്കിലുമാണോ ആ നില്‍ക്കുന്നത് എന്ന സന്ദേഹം വളര്‍ന്നു വന്നതിനാലും ഞാന്‍ ഇടം കണ്ണിട്ടു -  അവരെയല്ല എന്ന മട്ടില്‍ -  നോക്കി.  നോക്കി ഉറപ്പിച്ചു. എന്‍റെ ആരും അല്ല.  കൊള്ളിയാന്‍ പോലെ സമാധാനം ഒരു നിമിഷത്തേക്ക് കടന്നു വന്നു.  തൊട്ടു പിന്നാലെ വലിയ സബ്ദത്തോടെ കൂടുതല്‍ വലിയ സന്ദേഹം മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു. കാരണം,  ആ മുതിര്‍ന്ന സ്ത്രീയില്‍ എന്തോ ഒരു പരിചിത ഭാവം ഞാന്‍ ശ്രദ്ധിച്ചു. ശരിയാണ്, അവര്‍ എന്നെയും നോക്കുന്നുണ്ട്. ഏതാണ്ട് എന്നോളം പ്രായം വരുന്ന ഒരു മധ്യ വയസ്ക. അവര്‍ ഇങ്ങനെ നോക്കുന്നത് ഞാന്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതിനു  വേണ്ടി തന്നെയാണോ? അവരുടെ മകളാവും  ആ കൈകുഞ്ഞിന്റെ അമ്മ. മകളോടും പേരക്കുട്ടിയോടുമുള്ള വാത്സല്യം കാരണമാവും  അങ്ങനെ നോക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
 എന്നാലും ഞാന്‍ ഇവരെ എവിടെയാണ് കണ്ടിട്ടുള്ളത്? ഓഫീസില്‍ കയറിയിറങ്ങുന്ന പരശതം പേരില്‍ ആരെങ്കിലും ഒന്ന് ആവും. എന്നെ അറിയാമായിരിക്കും. ഇനി ഭാര്യയുടെ അകന്ന ബന്ധുക്കള്‍ വല്ലതും ആണോ?

എന്‍റെ ചിന്തകളെ നെടുകെ മുറിച്ചു കൊണ്ട്, എന്നെ വളരെയധികം വിസ്മയിപ്പിച്ചുകൊണ്ട്‌ ആ സ്ത്രീ എന്നോട് ചോദിക്കുന്നു " ജോണി അല്ലേ ?".
"അതെ" എന്ന് യാന്ത്രികമായി ഉത്തരം മൂളുന്നത്തിനിടയിലും    എന്‍റെ മനസ്സ് ഉള്ളിലുള്ള ഡാറ്റാബേസ് മുഴുവന്‍ അരിച്ചു പറക്കുന്നുണ്ടായിരുന്നു. മുട്ടിലിഴഞ്ഞ പ്രായം തൊട്ടു ദാ ഈ ബസ്സില്‍ കയറിയവരെക്കുമുള്ള കാര്യങ്ങള്‍ നിമിഷങ്ങള്‍ക്കകം ഞാന്‍ മറിച്ചു നോക്കി.  ഒടുവില്‍ എപ്പോഴും എവിടെയും എന്നെ ജേതാവാക്കി നിറുത്തുന്ന എന്‍റെ ഓര്‍മ്മ ശക്തി പരാജയം സമ്മതിക്കുന്നു .  അവളെ ....അല്ല.. ആ മധ്യവയസ്കയെ ഞാന്‍ തിരിച്ചറിയുന്നില്ല..
" ഞാന്‍ അഥീനയാണ്.  നമ്മള്‍ ഒരുമിച്ചു പഠിച്ചിട്ടുണ്ട്"

പിന്നെ ഒരു വെപ്രാളമായിരുന്നു.അതിന്‍റെ അനന്തിര ഫലമെന്നോണം എന്‍റെ സീറ്റില്‍ ആ അമ്മയും കുഞ്ഞും സുഖമായി ഇരുന്നു. വെപ്രാളം  മാറി  തിരികെ  സമാധാനം  വന്നപ്പോള്‍  എന്‍റെ മനസ്സില്‍ കോളേജ് കാലത്തെ ഓര്‍മ്മകകിലേക്ക്  ഫോക്കസ് ചെയ്തു... ദഹിക്കാതെ  കിടക്കുന്നവ പലതും തികട്ടി വന്നു. അവയ്ക്ക് ഉള്ളിലേക്ക്  ഇറങ്ങിയപ്പോഴുള്ള  മധുരം  ഇല്ലായിരുന്നു.

‍അവള്‍ അഥീന. എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വയ്പ്പിച്ചവള്‍. എന്‍റെ ഹൃദയത്തില്‍ പ്രനെയത്തിന്റെ കൂരമ്പുകള്‍ കുത്തി മുരിവേല്പ്പിച്ചവള്‍.

"One half of me is yours, the other half yours-
Mine own, I would say; but if mine, then yours,
And so all yours!" - Shakespeare

       എന്‍റെ മനോവികാരങ്ങള്‍  മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ ഉള്ള കഴിവില്ലായ്മ എന്നെ പല ഘട്ടങ്ങളിലും പരാജിതനാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ ഉദ്യേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നതിലും എനിക്ക് പലപ്പോഴും പാളിച്ച പറ്റാറുണ്ട്. എന്‍റെ ആദ്യ പ്രണയം പക്ഷേ , ഞാന്‍ അഥീനയെ മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ച കൊണ്ടാണ് അകാല ചരമം പ്രാപിച്ചത് എന്ന് എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ സത്യം അതായിരുന്നു. അവള്‍  ഒരു ഒന്നാന്തരം നാട്യക്കാരിയായിരുന്നു.  ഞാന്‍ സഹജീവികളോട് സദാ കലഹിക്കുന്ന, വരട്ടു തത്വം മാത്രം പറയുന്ന അവസരവാദിയും.  അതിനാല്‍ തന്നെ ഞങ്ങള്‍ ഒന്നായില്ല. ഒരേ ധ്രുവത്തിലെ രണ്ടു പ്രബല ശക്തികള്‍ക്കു അങ്ങനെ അല്ലതാകാന്‍ വഴിയില്ലല്ലോ? അവളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാം, ജോണി എന്ന പരാജിതനെ ഞാന്‍ കണ്ടു മുട്ടും. ആ പരാജിതന്‍ എന്നെ സ്ഥിരം ആക്ഷേപിക്കുമായിരുന്നു...എന്‍റെ സ്വഭാവത്തെ...എന്‍റെ ശരീരത്തെ...എല്ലാം..... അവനില്‍ നിന്ന് രക്ഷാ നേടാന്‍ ഞാന്‍ അവന്റെ വഴി മാറി നടന്നു തുടങ്ങി.  അതിനാല്‍ തന്നെ ഈ ദിവസങ്ങളില്‍ ഒന്നും, എന്നല്ല എന്‍റെ പിന്നിട്ട രണ്ടു ദശാബ്ദങ്ങളില്‍ ഒരിക്കല്‍ പോലും അഥീന എന്‍റെ മനസ്സിലേക്ക് കടന്നു വരാറേ  ഇല്ലായിരുന്നു... ബോധപൂര്‍വ്വം ഞാന്‍ കല്‍പ്പിച്ച വിലക്ക്...
 
പക്ഷേ, അതോക്കെയാനെങ്കിലും  അവള്‍ എനിക്ക്  ചൊല്ലിതന്ന പ്രണയത്തിന്റെ  മറുവാക്കുകള്‍ എന്‍റെ മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ട്. പില്‍ക്കാലത്ത് എനിക്ക്  നിലയും വിലയും നേടിത്തന്ന പാഠങ്ങള്‍.. അവ 'കോപ്പ്' , 'മണ്ണാങ്കട്ട' എന്നൊക്കെയായിരുന്നു.  

ഒടുവില്‍ ഞാന്‍ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം അവളെ ഈ ബസ്സില്‍ വച്ചു  കണ്ടെത്തുന്നു.
അവള്‍ ആകെ മാറിപ്പോയല്ലോ. കരിമഷി എഴുതിയ ആ മനോഹര നയന സൌന്ദര്യം കാലത്തെ തോല്പ്പിക്കാനാവാതെ ശോഷിച്ചു പോയിരിക്കുന്നു. എന്‍റെ അഹങ്കാരത്തിന്, അന്നത്തെ ഞാന്‍  അത് പോലെ തന്നെ നില്‍ക്കുന്നില്ലേ?  - സഹജീവികളോടുള്ള വെറുപ്പുമായി, വരട്ടു തത്വ വാദത്തോടെ...പക്ഷേ അവള്‍....ഇപ്പോഴും അവള്‍ ആ പഴയ നാട്യക്കാരിയാണോ?  അവള്‍ ജീവിതം നടിച്ചു തീര്‍ത്തോ?  പിന്നാംപുരതെക്ക്  എറിയപ്പെട്ടു കഴിഞ്ഞോ?  പുതിയ അഭിനേതാക്കള്‍ ... പുതിയ വേദി....
എന്‍റെ പ്രണയത്തിനു പുല്ലു വില കല്‍പ്പിച്ച നാട്യക്കാരീ ... , ഒടുവില്‍ നീ എന്‍റെ ഔദാര്യം പറ്റിയിരിക്കുന്നു. നിന്റെ സൌന്ദര്യം നശിച്ചിരിക്കുന്നല്ലോ ? .... എനിക്ക്  തിരിച്ചറിയാനാവാത്ത വിധം നീ ഇന്ന് മാറിപ്പോയിരിക്കുന്നു...നിന്റെ  കഷ്ടപാടുകള്‍ എനിക്ക് സന്തോഷമാകാന്‍ പാടില്ലായിരുന്നു... പക്ഷേ, എന്ത് ചെയ്യാം?

ഇന്ന് ഞാന്‍ സന്തോഷിക്കും...കരണം, എന്നെ പരാജിതനാക്കിയ  അഥീന ഇപ്പോള്‍ എന്‍റെ ദയ പറ്റിയിരിക്കുന്നു. എന്നെ,  അന്നത്തെ ആ തോല്‍വിയുടെ പേരും പറഞ്ഞു സ്ഥിരം കളിയാക്കാന്‍ വന്നിരുന്ന ആ പരാജിതന്‍ എവിടെ?. ഇന്ന് അവനോടു പിടിച്ചു നില്‍ക്കാനുള്ള വക എനിക്ക് കിട്ടിയിട്ടുണ്ട് ... അവനോടു ഇന്ന് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം...
 ഇന്ന് വളരെ നല്ല  ദിവസമാണല്ലോ... കാര്‍ എടുക്കാത്തത് നന്നായി... അല്ലെങ്കില്‍ ഞാന്‍ ഈ പ്രതികാരം എങ്ങനെ വീട്ടും. തിരക്ക് വീണ്ടും എനിക്ക് പ്രതികാരതിനുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു.
ഞാന്‍ ഉയരുകയാണോ?...തല ബസ്സിന്റെ മേല്‍ക്കൂരയില്‍ മുട്ടും. ഇല്ല... അത് മേല്കൂരയെ തുളച്ചു പുറത്തു കടന്നു... വീണ്ടും വീണ്ടും ഉയരുകയാണോ? അല്ല ഞാന്‍ പറക്കുകയാണ്... പാദങ്ങള്‍  നിലത്തു തൊടുന്നില്ലല്ലോ?...

"സാറേ ഇറങ്ങുന്നില്ലേ". എന്‍റെ തോളില്‍ ആരോ തട്ടിക്കൊണ്ടു ചോദിക്കുന്നു. പ്യൂണ്‍ സുരെഷിന്റെതാണ് ആ വിളി. ഞാന്‍ നിലത്തു പാദങ്ങള്‍ ഉറപ്പിച്ചു. എന്നെ നോക്കി സുരേഷ് പുഞ്ചിരിക്കുന്നു. അവനും ഈ ബസ്സില്‍ ഉണ്ടായിരുന്നു. അവന്‍ ഈ നടന്നത് വല്ലതും ശ്രദ്ധിച്ചോ ആവോ? എന്‍റെ ഓഫീസിനു മുന്‍പില്‍ ബസ്‌ നിര്തിയിരിക്കുന്നല്ലോ... ഞാന്‍ അഥീനയെ   നോക്കി. " ഇറങ്ങട്ടെ".  അവള്‍ ഒരു പുഞ്ചിരിയില്‍, തലകുലുക്കത്തില്‍ മറുപടി ഒതുക്കി. 
ഞാന്‍ ആരെന്നറിയാതെ അവളുടെ മകളും കുഞ്ഞും...
പക്ഷേ  അവര്‍ എന്തേ എന്നെ ശ്രദ്ധിക്കാത്തത്?... ഞാന്‍ ആരാന്നു എന്തേ അഥീന അവരോടു പറയാത്തത്?
കുറച്ചു മുന്‍പ് ഞാന്‍ ഇരുന്ന സീറ്റ്‌....
ഞാന്‍  ബസ്സില്‍   നിന്ന്  ഇറങ്ങി... യാന്ത്രികമായി  കൈ  വീശി.... ഇപ്പോള്‍  ബസ്സ്‌ ദേഷ്യത്തോടെ മുറുമുരുക്കുന്നത്  എന്നോടാണോ? ശാപവാക്കുകളോടെ അത് നിരങ്ങി നീങ്ങി...കറുത്ത പുക മാത്രം ശേഷിക്കുന്നു. അത് ആകാശത്തിലേക്ക് ഉയരുന്നു, പാദം നിലത്തു മുട്ടിക്കാതെ...
"സുരേഷേ വാടാ. നമുക്ക് എന്തേലും കഴിച്ചിട്ട് കയറാം". ഞാന്‍ സുരേഷിനെ  canteen - ലേക്ക്  ക്ഷണിച്ചു. എന്‍റെ മുഖത്ത് അപ്പോള്‍ ഒരു പുതിയ ഭാവം തെളിഞ്ഞു...
എന്‍റെ പുതിയ ഭാവത്തില്‍ അവന്‍ കുറച്ചൊന്നു അത്ഭുതപ്പെടാതിരുന്നില്ല.......

-------------------------------------------------------------------------------------------------------------* - a management expert in marketing.
* * - opposite of utopia.

Tuesday, September 21, 2010

പൂവാലന്‍

               ഇന്നിപ്പോള്‍ എനിക്ക് ചുറ്റും നടക്കുന്ന്നതിനൊന്നും ഒരു സമയനിഷ്ടയുമില്ല. അല്ലെങ്കില്‍ തന്നെ സമയത്തെ കുറിച്ച് ബോധവാന്‍ ആകേണ്ട  കാര്യമൊന്നും  എനിക്കില്ല. ഓരോ നിമിഷവും യഥേഷ്ടം ആസ്വദിക്കാന്‍ തയ്യാറായി നില്‍ക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം നിമിഷങ്ങള്‍ക്കല്ല  പ്രാധാന്യം; അവ എങ്ങിനെ മുതലാക്കപെടുന്നു  എന്നതിലാണ്. സ്വയം തീര്‍ത്ത മതിലിനകത്തു വീര്‍പ്പുമുട്ടി, ശ്വാസം കഴിക്കാന്‍ പടുപെടുന്നവര്‍ക്ക് എന്നോട് സ്വാഭാവികമായും അസൂയ തോന്നാം. അവരെ അവരുടെ പാട്ടിനു വിട്ടു, യന്ത്രങ്ങള്‍ക്കൊപ്പം, പറവകള്‍ക്കൊപ്പം, ഭൂമിക്കൊപ്പം ഞാനും കറങ്ങുന്നു. എന്നോടൊപ്പം  വരുന്നവരെ  കാലം  ബാധിക്കുന്നു. ശരിക്കും കാലത്തെ  വെല്ലുവിളിക്കുന്ന ആര്‍ക്കും എന്നോടൊപ്പം ചേരാന്‍  കഴിയുന്നില്ല എന്നതാണ് വാസ്തവം. ആരുടെയോ ഹിതം അനുസരിച്ച് കാലത്തോടൊപ്പം പറവകള്‍ക്കൊപ്പം, യന്ത്രങ്ങള്‍ക്കൊപ്പം, പായ്  വഞ്ചി പോലെ - കാറ്റു തീരുമാനിക്കട്ടെ - വിധിയുണ്ടെങ്ങില്‍ വിചാരിക്കുന്നത് പോലെ നടക്കും. തോന്നലുകളും വികാരങ്ങളും എന്നെ കൈപിടിച്ച് നടത്താനുണ്ട്. സ്വപ്‌നങ്ങള്‍ എനിക്ക് വിളക്ക് തെളിക്കാറുണ്ട്. ശരിയും തെറ്റും അവര്‍ തീരുമാനിച്ചു കൊള്ളട്ടെ.  ശരിക്കും പായ്  വഞ്ചി പോലെ!

               ഞാന്‍ പറഞ്ഞു വന്നത് എത്ര ശരിയാണ്! ഒന്നിനും ഒരു സമയനിഷ്ടയില്ല.  ഇന്നന്നെല്ല, എന്നും. ഇത് എനിക്ക്  മാത്രം നേരിടേണ്ട അവസ്ഥയാണോ? സത്യം!, ആവര്‍ത്തനത എന്നൊന്ന് എന്‍റെ ദിവസങ്ങളില്‍ ഒന്നും കടന്നു വരാറേയില്ല.  അല്ലെങ്കില്‍,  എന്ത് കൊണ്ടാണ് ഇന്നലെ കൃത്യം 4 15 നു വന്ന 'ladies only' ബസിനെ ഇന്ന് ഇതുവരേക്കും കണ്ടില്ല? ഇന്നലെ മുത്രപ്പുരക്ക് സമീപത്തു ഇരുന്നു ലോട്ടറി കച്ചവടം നടത്തിയ, കാല് മുറിച്ചു മാറ്റപെട്ട, ആ അപ്പൂപ്പന്‍  എവിടെ? ഓരോ നിമിഷത്തിലും ലോകത്തെ ചെറുതാക്കി  മാറ്റുമ്പോഴും തോളില്‍ തൂങ്ങുന്ന സഞ്ചിയുടെ ഭാരം കൂടികൂടി വരുന്ന വെള്ളക്കാരായ വിനോദ സഞ്ചാരികള്‍ ഇന്നെവിടെപ്പോയോ ആവോ? ഇന്നലെ കണ്ട മുടി പിന്നിയിട്ട ആ പെണ്‍കുട്ടി എവിടെപ്പോയി? ഇന്ന് അവളുടെ സ്ഥാനത്ത് വാല് പോലുള്ള മുടിയെ ചുരുട്ടി വട്ടത്തില്‍ കെട്ടി വെച്ചിരിക്കുന്ന ഒരു അമ്മായി....! വിധി എനിക്ക് ഒരുക്കുന്നത് പലപ്പോഴും വര്‍ണ്ണ വൈവിധ്യമുള്ള ഒരു പൂന്തോട്ടമാനെന്നു  തോന്നി തുടങ്ങിയിട്ടുണ്ട്. പക്ഷേ അരോചകം ഒന്നേ ഉള്ളൂ, ഇന്നലെ കണ്ടതിനെ ഇന്ന് കാണിക്കില്ല. കൊതി തീരും വരെ കാണാന്‍ സമയവും തരാറില്ല. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ ബസ്‌ സ്റ്റാന്‍ഡില്‍ എനിക്കായി ഒരുക്കിയിരിക്കുന്ന ഈ ആരാമം എന്നെ സുഖിപ്പിക്കാത്തതിനു കാരണവും വേറെ എങ്ങും തിരയേണ്ടതില്ല.  

               റാപ്പ് സംഗീതത്തെ പോലെ ഒന്നിനും ഒരു അടുക്കും ചിട്ടയും തോന്നാത്ത ബഹളം മാത്രം.'പോ പോം' ശബ്ദത്തോടെ ഹോണ്‍ മുഴക്കി പായുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍. അവ്യക്തത കലര്‍ന്ന യാത്രക്കാരുടെ കലപില കൂട്ടല്‍, അനാവശ്യ തിരക്ക് കൂട്ടലുകള്‍,  വേവലാതികള്‍, വെപ്രാളങ്ങള്‍, ഭിക്ഷക്കാരുടെ ദീന സ്വരങ്ങള്‍... ആകപ്പാടെ ആലോസരങ്ങളുടെ ഒരു പറുദീസാ. 'അല്ല... ഈ മനുഷ്യനരെ ഉപദ്രവിക്കനാണോ ഇതൊക്കെ ഇങ്ങനെ ആയി മാറുന്നത്'?. ഒരു ബസ്‌ സ്ടാണ്ട്  പണിതു തീര്‍ന്നപ്പോള്‍ എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരിക്കും ഉത്ഘാടകന്‍ ആയ പൌര പ്രമുഖന്‍ പൊതുജനങ്ങള്‍ക്ക്‌  മുന്‍പില്‍   നെയ്തു കൂട്ടിയത്... എന്നിട്ടിപ്പോള്‍ ഇങ്ങനെയും. ബസ്‌ സ്റ്റാന്‍ഡില്‍ ജീവിതങ്ങള്‍ക്ക്  യാന്ത്രികത  കൈവരും  എന്ന്  പറഞ്ഞ  ആള്‍ ആരാണാവോ? ദിക്കറിയാതെ പായുംബോഴും എവിടെയൊക്കെയോ എത്തിപ്പെടും എന്നുള്ള  ശുഭാപ്തി വിശ്വാസം  വലിക്കുന്ന  വലിയ  ട്രാന്‍സ്പോര്‍ട്ട്  വണ്ടികള്‍.  അരക്ഷിതാവസ്ഥ മാറിക്കിട്ടാന്‍ ടിക്കെട്ടിനായി  പണം ചെലവാക്കുന്ന ഭീരുക്കള്‍ - യാത്രക്കാര്‍. ലക്ഷിയങ്ങളില്‍  നിന്ന് വളരെ അകലെ,  തികച്ചും  ഒറ്റപ്പെട്ട, ശ്രമകരമായ സാഹചര്യങ്ങളില്‍    ഇറക്കി   വിടുന്ന    സ്ടോപ്പുകള്‍. ലാഭം  ഉന്നമിടുമ്പോഴും സേവനം    എന്ന്    ഉച്ചരിക്കുന്ന    വിരുദ്ധത. 
ഇതിന്റെയെല്ലാം    'ഹോള്‍സയില്‍'   ചന്ത    എന്നേ  ബസ്‌ സ്ടാണ്ട്   എന്നത്    കൊണ്ട്  ഉധേശിക്കുന്നുള്ളൂ.
ഈ  കരുതിയതൊന്നും  തന്നെ, എന്നിക്ക്  ബസ്‌  സ്റ്റാന്‍ഡില്‍  വന്നു  പോകുന്നതതിനും   അവിടെ   മണിക്കൂറുകളോളം   തൂണും ചാരി  നില്‍ക്കുന്നതിനും ഒരു തടസ്സമാകുന്നില്ല എന്നതാണ് അത്ഭുതം. സ്വഭാവികതയില്‍ നിന്ന് മാറിയ ഉദ്ദേശ്യങ്ങള്‍ ഉള്ളവര്‍ക്ക്  ആനുഭവ    തലങ്ങളും  വേറെ ആയിരിക്കുമല്ലോ? .

               വെയില്‍ കുറയുന്നുന്ടെങ്ങിലും ചൂടിനു യാതൊരു ശമനവും ഇല്ല. ഈ ബസ്‌ സ്റ്റാന്‍ഡില്‍ കുറച്ചു വൃക്ഷ തൈകള്‍ നട്ട് പിടിപ്പിച്ചാല്‍ എന്ത് ചെയ്യും. ഇവന്മാര്‍ പ്രസംഗിച്ചു നടക്കുകെ ഉള്ളൂ. പ്രവര്‍ത്തിയില്‍ കാണിക്കില്ല. കോണ്‍ക്രീറ്റ് മാത്രം ചുറ്റിനും.'ഇല്ല....എനിക്ക് തെറ്റി.  എന്നും ഇവിടെ വന്നിട്ടും,ബസ്‌ സ്റ്റാന്‍ഡിനു വടക്ക് വശത്ത്‌, ആകാശ നീലിമയോട് കിന്നാരം പറഞ്ഞു കൊണ്ട് തല ഉയര്‍ത്തി നില്‍ക്കുന്ന ആ കല്പ വൃക്ഷത്തെ ഞാന്‍ എന്തേ ഇതുവരെയും ശ്രദ്ധിക്കാത്തത്? ഇതൊക്കെ നോക്കാന്‍ എനിക്ക് എവിടെ സമയം'? തെങ്ങിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നിന്നും ഭക്തി ഗാനം ഒഴുകിപ്പരക്കുന്നുണ്ട്. തെങ്ങിന്‍റെ ചുവട്ടില്‍, ഹോട്ടെലില്‍ നിന്നും തള്ളപ്പെടുന്ന ഭക്ഷണ അവശിഷ്ടങ്ങളില്‍ അലഞ്ഞു തിരിയാറുള്ള പട്ടികളെ ഇപ്പോള്‍ കാണാനില്ല.   പക്ഷേ ആ അവസരം മുതലെടുത്ത്‌ കൊണ്ട് 1 ,2 കാക്കകള്‍ ശ്രദ്ധയോടെ എന്തൊക്കെയോ കൊത്തിപ്പോളിക്കുന്നുണ്ട് . അതിനെല്ലാം മുകളില്‍ ആകാശത്ത്, ഒരു പരുന്തിനെ ആക്രമിക്കാന്‍ 3 കാക്കകളുടെ വൃഥാ ശ്രമം. സര്‍ക്കസ് അഭ്യാസിയുടെ വഴക്കത്തോടെ പരുന്തു, കാക്കകളെ നിരാശപ്പെടുതികൊണ്ട് പറക്കുന്നു .ഇതൊന്നും ശ്രദ്ധിക്കാതെ ഒരു കാക്ക ഇപ്പോള്‍ വീഴും എന്ന മട്ടില്‍ ഓല തുമ്പത്തു ബാലാന്‍സ് ചെയ്തു കാറ്റിനോട് പടവെട്ടുന്നുണ്ട്.

               യാന്ത്രികതയുടെ ചൂടിനു നടുവില്‍, ബഹളങ്ങളുടെ ഈ വൈകുംന്നേരത്തില്‍, തിരക്ക് കൂട്ടലുകളുടെ പരാക്രമങ്ങളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍ എന്‍റെ മനസ്സില്‍ കുളിര്‍ തെന്നലായി  അതാ വരുന്നു സര്‍ക്കാര്‍ വനിതാ കോളേജില്‍ നിന്നുള്ള സുന്ദരിമാരെയും വഹിച്ചു കൊണ്ടുള്ള 4 15 - ന്‍റെ ലേഡീസ് ബസ്‌. എന്തിനാണാവോ ഞാന്‍ ഓരോ പ്രഭാതങ്ങളിലും ഉണരുന്നത്..എന്തിനാണാവോ ഞാന്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചു ഈ നാറുന്ന ബസ്‌ സ്ടണ്ടിന്റെ വെറ്റിലതുപ്പല്‍ നിറഞ്ഞ തൂണുകള്‍ ചാരുന്നത്‌ ....എന്തിനാവോ കറുത്ത് വരണ്ട മുഖത്തിന്‌ വേണ്ടി കണ്ണാടിക്കു മുന്‍പില്‍ നിന്ന് മണിക്കൂറുകള്‍ ചെലവാക്കുന്നത്...എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും മറുപടിയായി എത്തി കൊണ്ടിരിക്കുകയാണ് ആ ചുവപ്പില്‍ ഇളം മഞ്ഞ വരകളുള്ള സര്‍ക്കാര്‍ ബസ്‌.

                അല്ല ബസ്‌ വന്നു നിന്നല്ലോ! അതില്‍ നിന്ന് സുന്ദരിമാരുടെ മലവെള്ള പ്രവാഹം. തടയാനാകുന്നില്ല. ഞാന്‍ ആരെയൊക്കെ നോക്കണം. ഇന്നലെ കണ്ട മുടി പിന്നിയിട്ട ആ പെണ്‍കുട്ടി എവിടെ? ഇന്ന് അവള്‍ മുടി നിവര്തിയിട്ടിടുണ്ടാവും. അതാ വരുന്നു ഇളം നീലയില്‍ പൂക്കള്‍ വരച്ചു ചേര്‍ത്ത കുപ്പയവുമായി ഒരുവള്‍. അവള്‍ സുന്ദരിയാണല്ലോ. എന്‍റെ ഭാഗ്യം. അവളുടെ പിറകില്‍ നിന്ന് വരുന്നവള്‍ക്ക് അവളെക്കാള്‍ സൌന്ദര്യം കൂടത്തെ ഉള്ളൂ. അവര്‍ ഇങ്ങോട്ടാണല്ലോ വരുന്നത്. എന്നെ അവര്‍ നോക്കുന്നുണ്ടോ? അതെ അവര്‍ എന്‍റെ അടുത്ത് എത്തിക്കഴിഞ്ഞു. എന്തൊരു വാസനയാണ് അവര്‍ക്ക്. അവര്‍ ചൂടിയ മുല്ലപ്പൂവിന്റെതകുമോ,  അതോ അവര്‍ക്കുള്ള ജന്മസിദ്ധമായ   വാസനയാണോ? മുല്ല പൂവ് തവിട്ടു നിറമായി മാറിയിരിക്കുന്നു. രാവിലെ വച്ചതാവം, ചൂടേറ്റു വാടിയിരിക്കുന്നു .  അവര്‍ എന്‍റെ തൊടാവുന്ന അകലത്തില്‍ ആണല്ലോ ഇപ്പോള്‍.  വെളുത്തിട്ടു, പട്ടു പോലെ മിനുസമുള്ള  അവരുടെ ചര്‍മ്മം. ഒരുമിച്ചു രണ്ടു പേര്‍. ആരാണ് കൂടുതല്‍ സുന്ദരി? എന്തൊരു  ആകര്‍ഷകത്വം! തൊടാന്‍ കൊതി തോന്നും. ഞാന്‍ തൊടട്ടെ. പട്ടു പോലെ അല്ലെന്നുണ്ടോ? ശരിയാണ്.  ഇന്നത്തെ ദിവസം നല്ലതാണല്ലോ? വീണ്ടും വീണ്ടും ആള്‍ക്കാര്‍ ഇറങ്ങി വരുന്നുണ്ട്. മുടി പിന്നിയിട്ട പെണ്‍കുട്ടി മാത്രം ഇന്ന് ഇല്ല. പക്ഷേ അത് കൊണ്ട്  എന്താ പ്രശ്നം.അവളെക്കാള്‍ സുന്ദരിമാര്‍  ഇവിടെ  ഒരുപാടുണ്ട്. സുന്ദര സ്വപ്‌നങ്ങള്‍ അയവിറക്കാന്‍ സമയമായോ? വെപ്രാളത്തില്‍ പെട്ടന്ന് വിഴുങ്ങിയില്ലേ. ഇനി സമയമെടുത്ത്‌ ദഹിപ്പിക്കണം. മനോരാജ്യങ്ങള്‍ ആണ് ഇന്നത്തെ ഇതുവരെയുള്ള  എന്‍റെ ഭക്ഷണം. അമ്മ പൊതിഞ്ഞു തന്ന ചോറ് എടുത്താല്‍ മതിയായിരുന്നു. വിശപ്പ്‌ നല്ലപോലുണ്ട് . എന്നും തലേന്നത്തെ പഴകിയ ചോറ് വറ്റിച്ചു തരും. അതാ ഇന്ന് വേണ്ടാന്ന് പറഞ്ഞത്. വന്നിട്ട് തിന്നു കൊള്ളാമെന്നു അപ്പോള്‍ പറഞ്ഞിരുന്നു. 
               ഇപ്പോള്‍ ആരൊക്കെയാണ് എന്‍റെ അടുത്തേക്ക്‌ വരുന്നത്...? അരയിള്‍ വലിയ വീതിയുള്ള പട്ടയോടു കൂടിയ ബെല്‍റ്റ്‌ കെട്ടി, കയ്യില്‍ ഒരു കൊച്ചു dairyയുമായി വരുന്നത് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനാണല്ലോ.  അഹങ്കാരിയാ. അയാള്‍ ഇങ്ങനെ നടക്കുന്നത് കൊണ്ടാണ് ഇവിടെ ബസ്‌ ഓടുന്നത് എന്നാണ്  ഭാവം. അയാളെ ഞാന്‍ എന്തിനു ശ്രദ്ധിക്കണം? അയാള്‍ക്ക് ഒട്ടും ചേരാത്ത ആ  കാക്കി കുപ്പായം തേച്ചു വെടിപ്പാക്കിയിട്ടിട്ടുണ്ട്.  അയാളെന്തിനു എന്‍റെ അടുത്തേക്ക് വരണം.എന്താ  കാക്കികളുടെ എണ്ണം കൂടുന്നുണ്ടോ? പോലീസു ആണോ?. തടിച്ച ശരീരമുള്ള ആ കപ്പട മീശക്കാരന്‍ പോലീസു തന്നെ, - അയാളെ എനിക്ക് ഇതിനു മുന്‍പും അറിയാം.  ഇളം നീലയില്‍ പൂക്കള്‍ വരച്ചു ചേര്‍ത്ത കുപ്പായമിട്ട ആ പെണ്‍കുട്ടി എങ്ങനെ അവരുടെ കൂടെ ആയി. അവളുടെ പിന്നാലെ വന്ന കൂടുതല്‍ സൌന്ദര്യമുള്ള പെണ്‍കുട്ടിയും, പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണോ? പക്ഷേ അവരുടെ ഒപ്പം എന്തിനാണ് അനാവശ്യമായി ഈ കാക്കി കുപ്പായക്കാര്‍.ലക്ഷിയബോധമുള്ള  ഒരു സംഘമാണല്ലോ അവരുടേത്. ലക്‌ഷ്യം ഞാനാണെന്ന് മാത്രം. ഒരു കാക്കി കുപ്പായക്കാരന്‍ എന്‍റെ കോളറില്‍ കുത്തിപ്പിടിച്ചു. എന്തിനാണാവോ? ചുറ്റിനും ബഹളങ്ങള്‍ കൂടുന്നതല്ലാതെ  കുറയുന്നില്ല. ഹോട്ടലില്‍ നിന്നും ഒഴുകി വന്നിരുന്ന ഭക്തി ഗാനം ഇപ്പോള്‍ തമിഴ് ധപ്പാം കൂത്തിന് വഴിമാറി കൊടുത്തു. പുരുഷാരം എനിക്ക് ചുറ്റും. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.... എനിക്കൊന്നു സമാധാനം തരൂ!! എല്ലാത്തിനും ഉത്തരം പറയാന്‍ ഞാന്‍ മാത്രം. ആ ബുദ്ധിമുട്ട് എന്നെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ അത് പ്രകടിപ്പിക്കട്ടെ?. സ്വയം തീര്‍ത്ത മതിലിനകത്തു ശ്വാസം കഴിക്കാന്‍ പാടുപെടുന്ന ഇക്കൂട്ടര്‍ക്ക് എന്നോട് ദേഷ്യം തോന്നുന്നത് അസൂയ കൊണ്ടല്ലാതെ മറ്റെന്താ? അതിനു എന്തിനാണ് ആ പോലീസുകാരന്‍ കരണം പൊത്തി അടിച്ചത്. കാഴ്ച മങ്ങുന്നുവോ - കണ്ണുകള്‍ തുറന്നു വയ്ച്ചു നോക്കൂ. കഴിയുന്നില്ല. കണ്ണീര്‍ കാഴ്ചയെ മറയ്ക്കുന്നു.  വേദന പടരുന്നുണ്ടല്ലോ. അത്, സ്റ്റേഷന്‍ തിരഞ്ഞു ശരിയാകാത്ത റേഡിയോ പോലെ  ശബ്ദമുണ്ടാക്കുന്നു? പക്ഷേ ആ വേദന എന്തായാലും തന്നെ അത് കടവായില്‍ നിന്നും ഒലിച്ചിറങ്ങി. വേദനക്ക് കടും ചുവപ്പ്  നിരമല്ലെന്നു    ആര് പറഞ്ഞു? അവര്‍ എന്നെ എന്തിനു വലിക്കുന്നു. എവിടെ  കൊണ്ട് പോകാനാണ്? അയ്യോ എന്നെ കാത്തു അമ്മ വീട്ടില്‍ ഉണ്ട്. ചെന്നീട്ടു വേണം എനിക്ക് എന്തെങ്കിലും തിന്നെണ്ടത്. എന്നെ കൊണ്ടുപോകരുതേ. നാലു ചുറ്റില്‍ നിന്നുള്ള ആക്രോശങ്ങളും ബഹളങ്ങളും ആക്ഷേപ ചിരികളും കുറഞ്ഞു വരുന്നു. നേരത്തെ അവര്‍ ആരെയാണ് പൂവാലന്‍  എന്ന് വിളിച്ചത്?
                ദിക്കറിയാത്ത ഒരു ശകടത്ത്തിലാണ് ഞാന്‍ ഇപ്പോള്‍. പക്ഷേ അതിനെ വലിക്കുന്നത് ശുഭാപ്തി വിശ്വാസം അല്ലല്ലോ?  അത് ബസ്‌ സ്ടാണ്ട് വിട്ടു പോകുന്നുണ്ട്. ആകാശത്തില്‍ ഇപ്പോള്‍ പരുന്തും കാക്കകളും ഇല്ല. തെങ്ങിന്‍ തലപ്പ്‌ ഇപ്പോഴും ആകാശത്തോട് കിന്നാരം പറയുന്നുവോ? എന്‍റെ കാഴ്ചകള്‍ക്ക് എന്തേ മങ്ങിയ നിറം. തെങ്ങോലയില്‍ ബാലന്‍സു ചെയ്തിരുന്ന ആ കാക്ക ഇപ്പോള്‍ അവിടെ ഉണ്ടാവുമോ എന്തോ?

Sunday, September 19, 2010

ആമുഖം

                                     .......പറന്ന് പറന്ന്

നിശയുടെ  കമ്പിളി പുതപ്പിലേക്ക്  ഉള്‍വലിയാന്‍  തിരക്ക് കൂട്ടുന്ന മനസ്സ് ......
പകല്‍ മുഴുവന്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു,    ഒടുവില്‍ ആത്യന്തിക ലക്‌ഷ്യം  അറിയുമ്പോള്‍ , അതിനടുതെതുമ്പോള്‍   ഉണ്ടാകുന്ന  സുഖകരമായ  ശാന്തത ........
അമ്മയുടെ മടിയിലേക്ക്‌, മുടിയിഴകളെ വകഞ്ഞുകൊണ്ടുള്ള തലോടലിലേക്ക്  കൂപ്പുകുത്താനുള്ള വെമ്ബലുമായി....


ദിക്ക്    തെറ്റാതെ ..... തളരാതെ ...... പറന്ന് പറന്ന്.......
പ്രിയ സുഹൃത്തുക്കളെ,
                ഞാൻ ആരെന്നു അറിയിക്കുന്നില്ല. പക്ഷെ വിശ്വസിക്കാം സുഹൃത്താണ്‌. സന്തോഷത്തിലും ദുഖത്തിലും ഞാൻ ഉണ്ടാവും. രഹസ്യവും പരസ്യവും ഗോസ്സിപ്പും രോഷവും പങ്കു വയ്ക്കാം. .  പിന്നെ ഈ ബ്ലോഗ്‌... ഇത് എന്റെ ടൈം പാസ്‌ ആണ്?... എന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ഇതിനെ ഒരു മരച്ചില്ല  എന്ന് ഞാൻ വിളിക്കട്ടെ. പ്രളയം നിറഞ്ഞ ലോകത്തിലേക്ക്‌ മോശ തുറന്നു വിട്ട  വെള്ളരി പ്രാവിന് ആശ്രയം നല്കിയ  മരച്ചില്ല..  ദിക്ക്    തെറ്റാതെ ..... തളരാതെ ......പറക്കാൻ എന്നെ തുണക്കുന്ന  മരച്ചില്ല.