ആമുഖം

.......പറന്ന് പറന്ന്

നിശയുടെ കമ്പിളി പുതപ്പിലേക്ക് ഉള്വലിയാന്‍ തിരക്ക് കൂട്ടുന്ന മനസ്സ് ......പകല്‍ മുഴുവന്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു, ഒടുവില്‍ ആത്യന്തിക ലക്‌ഷ്യം അറിയുമ്പോള്‍ , അതിനടുതെതുമ്പോള്‍ ഉണ്ടാകുന്ന സുഖകരമായ ശാന്തത ........അമ്മയുടെ മടിയിലേക്ക്‌, മുടിയിഴകളെ വകഞ്ഞുകൊണ്ടുള്ള തലോടലിലേക്ക് കൂപ്പുകുത്താനുള്ള വെമ്ബലുമായി....



ദിക്ക് തെറ്റാതെ ..... തളരാതെ ...... പറന്ന് പറന്ന്.......








Monday, September 9, 2013

ഇരട്ടവാഴക്കൃഷിയിലൂടെ ഇരട്ടിലാഭം
Posted on: 22 Jun 2013

വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കൃഷിചെയ്യുന്ന വിളയാണ് നേന്ത്രവാഴ. തുറസ്സായ സ്ഥലവും വെള്ളവും കുറഞ്ഞുവരുന്നതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാവുന്ന രീതിയാണ് ഇരട്ടവാഴക്കൃഷി. ഒരുകുഴിയില്‍ രണ്ട് കന്നുനട്ടാല്‍ അത് ഇരട്ടവാഴയായി. സാധാരണഗതിയില്‍ നല്‍കുന്ന ഇടയകലം ഇരട്ടവാഴക്കൃഷിയില്‍ തികയില്ല. വരികള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലവും കുഴികള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലവും നല്കിയാല്‍ ഇരട്ടവാഴക്കൃഷി വിജയമാകും.

കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി വലിപ്പമുള്ള കുഴികളാണ് നടാനായി തയ്യാറാക്കേണ്ടത്. കുഴിയൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ ആദ്യംതന്നെ ചേര്‍ക്കണം. കുഴി നനച്ചതിനുശേഷം മാത്രമേ കുമ്മായവസ്തുക്കള്‍ ചേര്‍ക്കാവൂ. ഇനി ഉണങ്ങിയ ചാണകപ്പൊടിയുടെ ഊഴമാണ്. 15 കിലോഗ്രാം ചാണകപ്പൊടിയെങ്കിലും കുഴിയില്‍ചേര്‍ക്കണം. അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള അസോസ്‌പൈറില്ലം 50 ഗ്രാം കുഴിയൊന്നിന് ചേര്‍ക്കാം. മേല്‍മണ്ണ് ചേര്‍ത്ത് കുഴിയില്‍ത്തന്നെ ഒരടി അകലത്തിലായി കന്നുകള്‍ നടാന്‍ ശ്രദ്ധിക്കണം.

നട്ട് ഒരുമാസം കഴിഞ്ഞാല്‍ രാസവളങ്ങള്‍ ചേര്‍ക്കാം. വാഴച്ചുവട്ടില്‍നിന്ന് രണ്ടരയടി അകലത്തില്‍ ഒരു വലയമായി വേണം രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കാന്‍. വാഴയുടെ വേരുപടലം മണ്ണിന്റെ ഉപരിതലത്തോട് അടുത്തുതന്നെയായതിനാല്‍ വളരെ ആഴത്തില്‍ വളമിടേണ്ട കാര്യമില്ല. വളംചേര്‍ക്കുന്ന സമയത്ത് മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നട്ട് ഒരുമാസം കഴിഞ്ഞ് കുഴിയൊന്നിന് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷുമാണ് നല്‍കേണ്ടത്. രണ്ടുമാസം കഴിഞ്ഞ് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും വിതറിക്കൊടുക്കാം. മൂന്നാംമാസത്തില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും 350 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കണം. നാലും അഞ്ചും മാസത്തെ ഇടവേളകളില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും മാത്രം മതി. കുലവിരിഞ്ഞശേഷം 150 ഗ്രാം യൂറിയയും 300 ഗ്രാം പൊട്ടാഷും ചേര്‍ത്തുകൊടുക്കുന്നത് കുലയുടെ തൂക്കംകൂട്ടുന്നതായി കണ്ടിട്ടുണ്ട്.

കുല വരുന്നതുവരെ കന്നുകള്‍ നീക്കംചെയ്യണം. മാതൃവാഴയ്ക്ക് ദോഷം വരാത്തരീതിയില്‍ കന്നുകള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് രണ്ട് ദിവസത്തിലൊരിക്കല്‍ വാഴത്തോട്ടം നനയ്ക്കാം.

വാഴക്കവിളില്‍ ബാര്‍സോപ്പ് ചീളുകള്‍ വെക്കുന്നത് തടതുരപ്പന്‍ വണ്ടിനെ പ്രതിരോധിക്കാന്‍ നന്ന്. സ്യൂഡോമോണസ് 20 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴക്കവിളില്‍ ഒഴിച്ചുകൊടുത്ത് കുമിള്‍രോഗങ്ങളെ ചെറുക്കാം. കുലവിരിഞ്ഞുകഴിഞ്ഞാല്‍ കുടപ്പന്‍ ഒടിച്ചെടുക്കണം. കുലകള്‍ പകുതി മൂപ്പെത്തിയശേഷം ഉണങ്ങിയ വാഴയില കൊണ്ട് നന്നായി പൊതിഞ്ഞുകെട്ടിയാല്‍ കായയ്ക്ക് നല്ലനിറവും പുഷ്ടിയും കിട്ടും.

ഇരട്ടവാഴക്കൃഷികൊണ്ട് നേട്ടങ്ങള്‍ പലതാണ്. 10 സെന്റ് സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ 100 കുഴി എടുക്കണമെങ്കില്‍ ഇരട്ടവാഴക്കൃഷിയില്‍ 67 കുഴി മതി. കുഴിയുടെ എണ്ണത്തില്‍ മാത്രമല്ല കൃഷിപ്പണി ചുരുക്കാനും നല്ലത് ഇരട്ടവാഴ തന്നെ. തൊഴിലാളിക്ഷാമം കൊണ്ട് നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ഇരട്ടവാഴയ്ക്ക് കഴിയും. വെള്ളത്തിന്റെ അപര്യാപ്തത ഇരട്ടവാഴക്കൃഷിയില്‍ പ്രകടമല്ല. വളത്തിന്റെയും വെള്ളത്തിന്റെയും അളവും ഒപ്പം കൃഷിച്ചെലവും കുറയ്ക്കാന്‍ ഇരട്ടവാഴക്കൃഷി തന്നെയാണ് നല്ലത്.

ഇടയകലം കൂടുതലായതിനാല്‍ ഇടവിളക്കൃഷിയില്‍ നിന്നുള്ള ആദായവും കൂടും. ചീരയും വെള്ളരിയും പയറും ചേമ്പുമാണ് ഇരട്ടവാഴയിലെ ആദായകരമായ ഇടവിളക്കാരികള്‍. എല്ലാത്തിനുമുപരി ഒരു കുഴിയില്‍നിന്ന് 12 കിലോഗ്രാം ഭാരമുള്ള വാഴക്കുല ലഭിക്കുന്ന സ്ഥാനത്ത് ഇരട്ടവാഴക്കൃഷിയില്‍ ശരാശരി 23 കിലോഗ്രാം ലഭിക്കുന്നതായി കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെ നോക്കിയാലും ഇരട്ടവാഴക്കൃഷി ഒരു ചുവട് മുന്നില്‍ത്തന്നെ.

ചെറു ഇനം വാഴകള്‍ക്ക് കീടനാശിനി വേണ്ടെന്ന് പഠനം
Posted on: 27 Dec 2012

കാസര്‍കോട്: കേരളത്തിലെ കര്‍ഷകര്‍ കൈയൊഴിഞ്ഞ ചെറു ഇനം വാഴകള്‍ക്ക് കീടനാശിനി വേണ്ടെന്നും രോഗപ്രതിരോധ ശേഷി കൂടുതലെന്നും പഠനം.

പ്രതിരോധശേഷി കൂടുതലായതിനാല്‍ തടതുരപ്പന്‍ പോലുള്ള കീടബാധ ഏല്‍ക്കില്ല. ഒപ്പം മറ്റുതരം വാഴകളില്‍ ഇല്ലാത്ത പ്രത്യേക മണം, സ്വാദ്, ഔഷധ ഗുണം, വരള്‍ച്ചയെ നേരിടാനുള്ള കഴിവ് എന്നിവയും ഇവയ്ക്കുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഡി.എ.ഇവാന്‍സാണ് ഈ കണ്ടെത്തലിന് പിന്നില്‍. കാസര്‍കോട് ഗവ. കോളേജ് സുവോളജി വകുപ്പ് നടത്തിയ ദേശീയസെമിനാറിലാണ് ഡോ. ഡി.എ.ഇവാന്‍സ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ പഞ്ചായത്തിലെ വാഴകളെക്കുറിച്ചുള്ള പഠനത്തില്‍ 21 ഇനം വാഴകളെ ഇദ്ദേഹം കണ്ടെത്തിയിരുന്നു. ഇവയില്‍ നാലിനം വാഴകള്‍ ഒഴികെ മറ്റൊന്നും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവയല്ല. നെല്‍പ്പാടങ്ങളില്‍ കര്‍ഷകര്‍ ധാരാളമായി കൃഷി ചെയ്യുന്നത് ഏത്തന്‍, പാളയന്‍കോടന്‍, കപ്പ(ചുവന്ന പൂവന്‍), ഞാലിപ്പൂവന്‍, റോബസ്റ്റ എന്നിവയാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നതും വലിപ്പമുള്ള വാഴക്കുല ഉത്പാദിപ്പിക്കും എന്നതുമാണ് ഈ ഇനങ്ങളിലേക്ക് മാത്രം കര്‍ഷക ശ്രദ്ധ തിരിയാന്‍ കാരണം. എന്നാല്‍ ഇവയ്ക്ക് രോഗപ്രതിരോധ ശേഷി കുറവാണ്. മാത്രമല്ല കീടങ്ങളുടെ ആക്രമണവും ഏറും.

അതുകൊണ്ട് തന്നെ തടതുരപ്പന്‍ പോലുള്ള കീടബാധ ചെറുക്കാനായി വേര്‍തിരിവില്ലാതെ പലതരത്തിലുള്ള കീടനാശിനി തളിക്കേണ്ടിവരുമെന്നും ഡോ. ഇവാന്‍സ് പറയുന്നു. കീടനാശിനികള്‍ തളിച്ച പഴം അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്നത് വിഷക്കായയായിട്ടാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.


നേന്ത്രന്‍ നടാന്‍ നേരമായി 

ഏപ്രില്‍-മെയ് മാസങ്ങളിലും നന നടത്തി ആഗസ്ത്-സപ്തംബറിലും നേന്ത്രന്‍ നടാം. നേന്ത്രവാഴ, തനിവിളയായും ഇടവിളയായും കൃഷിയിറക്കി വരുന്നുണ്ട്. നേന്ത്രനില്‍ പലതരമുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ 'ചെങ്ങാലിക്കോടന്‍' തരമാണ് കാഴ്ചക്കുലയായി ഓണവിപണി കീഴടക്കുന്നത്. ആയതിനാല്‍ അടുത്ത ഓണത്തിന് കുലവെട്ടാന്‍ ഇപ്പോള്‍ നടാന്‍ ശ്രദ്ധിക്കുക.

രോഗമോ കീടമോ ഇല്ലാത്ത നല്ല കുലതരുന്ന മാതൃവാഴയിലെ കന്നുകളാണ് വേണ്ടത്. മൂന്നുനാലുമാസത്തെ പ്രായമുള്ള ആരോഗ്യമുള്ള സൂചിക്കന്നുകളാണ് നടേണ്ടത്. വിളവെടുത്ത് പത്തു ദിവസത്തിനുള്ളില്‍ കന്നുകളിറക്കി മാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറയ്ക്കാന്‍ ഗുണംചെയ്യും. നടാന്‍വേണ്ടി എടുത്ത വാഴക്കന്നുകളുടെ തണ്ട്, പതിനഞ്ചു സെന്റിമീറ്റര്‍ മുതല്‍ 20 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ മുറിച്ചുനീക്കണം.

ചാണകവെള്ളവും ചാരവും കലര്‍ന്ന ലായനിയില്‍ വാഴക്കന്നുകള്‍ നന്നായി മുക്കിയശേഷം മൂന്നുനാലുദിവസം വെയിലുനേരിട്ട് തട്ടാത്തവിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ, തണലില്‍ത്തന്നെ ഉണക്കി നടാനുപയോഗിക്കാം. വാഴക്കന്നുകള്‍ക്ക് നിമാവിരശല്യം വരാതിരിക്കാന്‍ ചെറിയ ചൂടുവെള്ളത്തില്‍ കന്നുകള്‍ 20 മിനിറ്റ് ഇട്ടുവെക്കുന്നത് നല്ലതാണ്.

ഇതേമാതിരി വേരുചെത്തിയ കന്നുകള്‍ അരമണിക്കൂര്‍ സമയം ചെറിയ ഒഴുക്കുള്ള വെള്ളത്തില്‍മുക്കി വെച്ചെടുക്കുന്നത് നിമാവിരശല്യം തടയാന്‍നല്ലതാണ്. നടുന്നതിനുമുമ്പായി വാഴക്കന്നുകള്‍ രണ്ടുശതമാനം വീര്യമുള്ള 'സ്യൂഡോമോണക്‌സ് ഫ്ലൂറസന്‍സ്' ലായനിയില്‍ മുക്കിവെച്ചശേഷം നടുന്നതും നല്ലതാണ്.

സംസ്ഥാന കൃഷിവകുപ്പിന്റെ മണ്ണൂത്തിയില്‍നിന്നുള്ള ലാബിലെ മിശ്രിതം 20 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കിയാണ് ലായനി തയ്യാറാക്കേണ്ടത്. കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തെ മണ്ണ് നന്നായി താഴ്ത്തിയോ ഉഴുതോ, കിളച്ചോ ഇടണം. മുന്‍കാല വിളനീക്കി അവശിഷ്ടങ്ങള്‍, കളകള്‍, എന്നിവ കത്തിച്ചു നശിപ്പിക്കണം.

നമ്മുടെ നാട്ടിലെ മണ്ണിന് അമ്ലഗുണം ഏറേയുള്ളതിനാല്‍ കാല്‍ കിലോഗ്രാം മുതല്‍ അരകിലോഗ്രാം വരെ കുമ്മായം വാഴ നടുന്ന കുഴിയില്‍ ചേര്‍ക്കേണ്ടതാണ്.

അടിവളമായി 10 കിലോഗ്രാം കാലിവളമോ, മണ്ണിരക്കമ്പോസ്റ്റോ, ഒരുകിലോ വേപ്പിന്‍പിണ്ണാക്കോ ചേര്‍ക്കണം. ജൈവവളത്തിന്റെ കൂടെ 'ടൈക്കോഡെര്‍മ' എന്ന മിത്രകുമിള്‍ അടങ്ങിയ മിശ്രിതവും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. കൃഷിയിടത്തില്‍ 50 സെന്റിമീര്‍റ്റര്‍ നിളം, 50 സെ.മീറ്റര്‍ വീതി, 50 സെന്റിമീറ്റര്‍ ആഴം ഇവയുള്ള കുഴികള്‍ തീര്‍ത്ത് വരികളും ചെടികളും തമ്മില്‍ രണ്ട് മീറ്റര്‍ ഇടയകലം കിട്ടുന്നരീതിയില്‍ നടണം. നേന്ത്രന്‍ നടുന്ന അവസരത്തില്‍ ഇടവിളയായി ചീര, വെള്ളരി, പയര്‍, മുളക് ഇവയെല്ലാം നടാം. ചില കര്‍ഷകര്‍ വാഴതോട്ടത്തിന്റെ നാലതിരിലും കോവലയോ പാവലോ ചെറിയ വേലിമാതിരി പടര്‍ത്തി വളര്‍ത്തുന്നുണ്ട്.

ജീവാണുവളമായിട്ടുള്ള 'പി.ജി.പി.ആര്‍. മിശ്രിതം' ഒരു വാഴച്ചുവട്ടില്‍ 50 ഗ്രാം ചേര്‍ക്കുന്നതും നല്ലതാണ്. വാഴ നടാനുള്ള പ്രധാന കുഴികളുടെ നടുവിലായി 'കല്ലക്കുഴി' ഉണ്ടാക്കി അതിനകത്തായി കന്നുവെച്ച് ചുറ്റിലുമുള്ള മണ്ണ് ചുവട്ടിലേക്ക് ഇളക്കിയിടണം. നന്നായി ചവുട്ടി മണ്ണുറപ്പിക്കാനും മറക്കരുത്. വാഴക്കന്ന് നട്ടതിനുശേഷം പച്ചില വളച്ചെടികളായ ചണമ്പ്, ഡെയിഞ്ച, വന്‍പയര്‍ ഇവയിലേതെങ്കിലും ഒന്നിന്റെ വിത്ത് ഒരുവാഴയ്ക്ക്, ഇരുപത് ഗ്രാമെന്ന തോതില്‍ വിതച്ചിടണം. 40 ദിവസമായാല്‍ ഇവ പുഷ്പിച്ച ശേഷം ഉടന്‍ മണ്ണില്‍ച്ചേര്‍ത്ത് കൊടുക്കണം. ഇതുപോലെ വീണ്ടും പച്ചിലവളവിത്ത്പാകി പുഷ്പിച്ചാല്‍ വീണ്ടും ചേര്‍ത്ത് കളവളര്‍ച്ചയെ തടയാന്‍ സാധിക്കും.

നേന്ത്രവാഴയില്‍ രാസവളങ്ങള്‍ വാരിവിതറിയിടുന്ന രീതി ശരിയല്ല. നേന്ത്രനാണെങ്കില്‍ നടുന്ന സമയം 90 ഗ്രാം യൂറിയ, 300 ഗ്രാം മസൂരിഫോസ്റ്റ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഓരോ വാഴയ്ക്കും ചേര്‍ക്കണം. നട്ട് ഒന്നാംമാസശേഷം 65 ഗ്രാം യൂറിയ, 275 ഗ്രാം മസൂറിഫോസ്റ്റ്, 100 ഗ്രാം മൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. പിന്നീട് രണ്ടാം മാസത്തിനുശേഷം 65 ഗ്രാം യൂറിയ, 100 ഗ്രാം മൂറിയേറ്റ് ഓഫ്‌പൊട്ടാഷ് ചേര്‍ക്കണം. ഇതേയളവില്‍ നാലുമാസശേഷവും അഞ്ചാംമാസശേഷവും ചേര്‍ക്കാന്‍ മറക്കരുത്. കുലവന്നതിനുശേഷം 65 ഗ്രാം യൂറിയ മാത്രമേ ചേര്‍ക്കേണ്ടതുള്ളൂ. ഇങ്ങനെ ഒരു നേന്ത്രവാഴയ്ക്ക് ആകെ 415 ഗ്രാം യൂറിയ, 575 ഗ്രാം മസൂരിഫോസ്റ്റ്, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് ആകെ ചേര്‍ക്കേണ്ടത്.

രാസവളങ്ങള്‍, വാഴച്ചുവട്ടില്‍നിന്ന് മാറ്റിയാണ് ചേര്‍ക്കേണ്ടത്. തടം നനച്ചശേഷം മാത്രമേ വളം ചേര്‍ക്കാവൂ. അശാസ്ത്രീയമായ രാസവളപ്രയോഗംവഴി 'വെള്ളക്കൂമ്പ്', 'വാഴപ്പനി' എന്നിവയുണ്ടാകും. ആയതിനാല്‍ സമീകൃതമായി മാത്രമേ വളം ചേര്‍ക്കാവൂ.

വാഴയിലെ തടതുരപ്പന്‍പുഴുശല്യം തടയാന്‍ തോട്ടം നല്ല വൃത്തിയോടെ നിലനിര്‍ത്തണം. കളിമണ്ണ് കുഴച്ച് വാഴതടയുടെ പുറംപോളകളില്‍ പുരട്ടണം. വേപ്പിന്‍കുരു പൊടിച്ച് ഇലക്കവിളുകളില്‍ ഇടണം. നിംബിസിഡിന്‍ തളിക്കുന്നതും നല്ലതാണ്.

മാണവണ്ടിന്റെ ശല്യമാണ് കരിക്കന്‍ ശല്യം. ഇതിനെ തടയാന്‍ തോട്ടം വൃത്തിയാക്കിയിടുക, കന്ന് നന്നായി ചാണകവും ചാരവും മുക്കി പരിചരിച്ചുനടണം. കുഴിയില്‍ വേപ്പിന്‍പ്പിണ്ണാക്കിടണം. വാഴത്തടക്കെണി, ഫെറമോണ്‍ക്കെണി ഇവ ഉപയോഗിക്കണം. മീലിമൂട്ടശല്യം നിയന്ത്രിക്കാന്‍, മിത്രകുമിളായ വെര്‍ട്ടിസീലിയം ലെക്കാനി അടങ്ങിയ 'വെര്‍ട്ടിലാക്ക്' 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍മതി. 

No comments:

Post a Comment