ആമുഖം

.......പറന്ന് പറന്ന്

നിശയുടെ കമ്പിളി പുതപ്പിലേക്ക് ഉള്വലിയാന്‍ തിരക്ക് കൂട്ടുന്ന മനസ്സ് ......പകല്‍ മുഴുവന്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു, ഒടുവില്‍ ആത്യന്തിക ലക്‌ഷ്യം അറിയുമ്പോള്‍ , അതിനടുതെതുമ്പോള്‍ ഉണ്ടാകുന്ന സുഖകരമായ ശാന്തത ........അമ്മയുടെ മടിയിലേക്ക്‌, മുടിയിഴകളെ വകഞ്ഞുകൊണ്ടുള്ള തലോടലിലേക്ക് കൂപ്പുകുത്താനുള്ള വെമ്ബലുമായി....



ദിക്ക് തെറ്റാതെ ..... തളരാതെ ...... പറന്ന് പറന്ന്.......








Tuesday, September 21, 2010

പൂവാലന്‍

               ഇന്നിപ്പോള്‍ എനിക്ക് ചുറ്റും നടക്കുന്ന്നതിനൊന്നും ഒരു സമയനിഷ്ടയുമില്ല. അല്ലെങ്കില്‍ തന്നെ സമയത്തെ കുറിച്ച് ബോധവാന്‍ ആകേണ്ട  കാര്യമൊന്നും  എനിക്കില്ല. ഓരോ നിമിഷവും യഥേഷ്ടം ആസ്വദിക്കാന്‍ തയ്യാറായി നില്‍ക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം നിമിഷങ്ങള്‍ക്കല്ല  പ്രാധാന്യം; അവ എങ്ങിനെ മുതലാക്കപെടുന്നു  എന്നതിലാണ്. സ്വയം തീര്‍ത്ത മതിലിനകത്തു വീര്‍പ്പുമുട്ടി, ശ്വാസം കഴിക്കാന്‍ പടുപെടുന്നവര്‍ക്ക് എന്നോട് സ്വാഭാവികമായും അസൂയ തോന്നാം. അവരെ അവരുടെ പാട്ടിനു വിട്ടു, യന്ത്രങ്ങള്‍ക്കൊപ്പം, പറവകള്‍ക്കൊപ്പം, ഭൂമിക്കൊപ്പം ഞാനും കറങ്ങുന്നു. എന്നോടൊപ്പം  വരുന്നവരെ  കാലം  ബാധിക്കുന്നു. ശരിക്കും കാലത്തെ  വെല്ലുവിളിക്കുന്ന ആര്‍ക്കും എന്നോടൊപ്പം ചേരാന്‍  കഴിയുന്നില്ല എന്നതാണ് വാസ്തവം. ആരുടെയോ ഹിതം അനുസരിച്ച് കാലത്തോടൊപ്പം പറവകള്‍ക്കൊപ്പം, യന്ത്രങ്ങള്‍ക്കൊപ്പം, പായ്  വഞ്ചി പോലെ - കാറ്റു തീരുമാനിക്കട്ടെ - വിധിയുണ്ടെങ്ങില്‍ വിചാരിക്കുന്നത് പോലെ നടക്കും. തോന്നലുകളും വികാരങ്ങളും എന്നെ കൈപിടിച്ച് നടത്താനുണ്ട്. സ്വപ്‌നങ്ങള്‍ എനിക്ക് വിളക്ക് തെളിക്കാറുണ്ട്. ശരിയും തെറ്റും അവര്‍ തീരുമാനിച്ചു കൊള്ളട്ടെ.  ശരിക്കും പായ്  വഞ്ചി പോലെ!

               ഞാന്‍ പറഞ്ഞു വന്നത് എത്ര ശരിയാണ്! ഒന്നിനും ഒരു സമയനിഷ്ടയില്ല.  ഇന്നന്നെല്ല, എന്നും. ഇത് എനിക്ക്  മാത്രം നേരിടേണ്ട അവസ്ഥയാണോ? സത്യം!, ആവര്‍ത്തനത എന്നൊന്ന് എന്‍റെ ദിവസങ്ങളില്‍ ഒന്നും കടന്നു വരാറേയില്ല.  അല്ലെങ്കില്‍,  എന്ത് കൊണ്ടാണ് ഇന്നലെ കൃത്യം 4 15 നു വന്ന 'ladies only' ബസിനെ ഇന്ന് ഇതുവരേക്കും കണ്ടില്ല? ഇന്നലെ മുത്രപ്പുരക്ക് സമീപത്തു ഇരുന്നു ലോട്ടറി കച്ചവടം നടത്തിയ, കാല് മുറിച്ചു മാറ്റപെട്ട, ആ അപ്പൂപ്പന്‍  എവിടെ? ഓരോ നിമിഷത്തിലും ലോകത്തെ ചെറുതാക്കി  മാറ്റുമ്പോഴും തോളില്‍ തൂങ്ങുന്ന സഞ്ചിയുടെ ഭാരം കൂടികൂടി വരുന്ന വെള്ളക്കാരായ വിനോദ സഞ്ചാരികള്‍ ഇന്നെവിടെപ്പോയോ ആവോ? ഇന്നലെ കണ്ട മുടി പിന്നിയിട്ട ആ പെണ്‍കുട്ടി എവിടെപ്പോയി? ഇന്ന് അവളുടെ സ്ഥാനത്ത് വാല് പോലുള്ള മുടിയെ ചുരുട്ടി വട്ടത്തില്‍ കെട്ടി വെച്ചിരിക്കുന്ന ഒരു അമ്മായി....! വിധി എനിക്ക് ഒരുക്കുന്നത് പലപ്പോഴും വര്‍ണ്ണ വൈവിധ്യമുള്ള ഒരു പൂന്തോട്ടമാനെന്നു  തോന്നി തുടങ്ങിയിട്ടുണ്ട്. പക്ഷേ അരോചകം ഒന്നേ ഉള്ളൂ, ഇന്നലെ കണ്ടതിനെ ഇന്ന് കാണിക്കില്ല. കൊതി തീരും വരെ കാണാന്‍ സമയവും തരാറില്ല. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ ബസ്‌ സ്റ്റാന്‍ഡില്‍ എനിക്കായി ഒരുക്കിയിരിക്കുന്ന ഈ ആരാമം എന്നെ സുഖിപ്പിക്കാത്തതിനു കാരണവും വേറെ എങ്ങും തിരയേണ്ടതില്ല.  

               റാപ്പ് സംഗീതത്തെ പോലെ ഒന്നിനും ഒരു അടുക്കും ചിട്ടയും തോന്നാത്ത ബഹളം മാത്രം.'പോ പോം' ശബ്ദത്തോടെ ഹോണ്‍ മുഴക്കി പായുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍. അവ്യക്തത കലര്‍ന്ന യാത്രക്കാരുടെ കലപില കൂട്ടല്‍, അനാവശ്യ തിരക്ക് കൂട്ടലുകള്‍,  വേവലാതികള്‍, വെപ്രാളങ്ങള്‍, ഭിക്ഷക്കാരുടെ ദീന സ്വരങ്ങള്‍... ആകപ്പാടെ ആലോസരങ്ങളുടെ ഒരു പറുദീസാ. 'അല്ല... ഈ മനുഷ്യനരെ ഉപദ്രവിക്കനാണോ ഇതൊക്കെ ഇങ്ങനെ ആയി മാറുന്നത്'?. ഒരു ബസ്‌ സ്ടാണ്ട്  പണിതു തീര്‍ന്നപ്പോള്‍ എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരിക്കും ഉത്ഘാടകന്‍ ആയ പൌര പ്രമുഖന്‍ പൊതുജനങ്ങള്‍ക്ക്‌  മുന്‍പില്‍   നെയ്തു കൂട്ടിയത്... എന്നിട്ടിപ്പോള്‍ ഇങ്ങനെയും. ബസ്‌ സ്റ്റാന്‍ഡില്‍ ജീവിതങ്ങള്‍ക്ക്  യാന്ത്രികത  കൈവരും  എന്ന്  പറഞ്ഞ  ആള്‍ ആരാണാവോ? ദിക്കറിയാതെ പായുംബോഴും എവിടെയൊക്കെയോ എത്തിപ്പെടും എന്നുള്ള  ശുഭാപ്തി വിശ്വാസം  വലിക്കുന്ന  വലിയ  ട്രാന്‍സ്പോര്‍ട്ട്  വണ്ടികള്‍.  അരക്ഷിതാവസ്ഥ മാറിക്കിട്ടാന്‍ ടിക്കെട്ടിനായി  പണം ചെലവാക്കുന്ന ഭീരുക്കള്‍ - യാത്രക്കാര്‍. ലക്ഷിയങ്ങളില്‍  നിന്ന് വളരെ അകലെ,  തികച്ചും  ഒറ്റപ്പെട്ട, ശ്രമകരമായ സാഹചര്യങ്ങളില്‍    ഇറക്കി   വിടുന്ന    സ്ടോപ്പുകള്‍. ലാഭം  ഉന്നമിടുമ്പോഴും സേവനം    എന്ന്    ഉച്ചരിക്കുന്ന    വിരുദ്ധത. 
ഇതിന്റെയെല്ലാം    'ഹോള്‍സയില്‍'   ചന്ത    എന്നേ  ബസ്‌ സ്ടാണ്ട്   എന്നത്    കൊണ്ട്  ഉധേശിക്കുന്നുള്ളൂ.
ഈ  കരുതിയതൊന്നും  തന്നെ, എന്നിക്ക്  ബസ്‌  സ്റ്റാന്‍ഡില്‍  വന്നു  പോകുന്നതതിനും   അവിടെ   മണിക്കൂറുകളോളം   തൂണും ചാരി  നില്‍ക്കുന്നതിനും ഒരു തടസ്സമാകുന്നില്ല എന്നതാണ് അത്ഭുതം. സ്വഭാവികതയില്‍ നിന്ന് മാറിയ ഉദ്ദേശ്യങ്ങള്‍ ഉള്ളവര്‍ക്ക്  ആനുഭവ    തലങ്ങളും  വേറെ ആയിരിക്കുമല്ലോ? .

               വെയില്‍ കുറയുന്നുന്ടെങ്ങിലും ചൂടിനു യാതൊരു ശമനവും ഇല്ല. ഈ ബസ്‌ സ്റ്റാന്‍ഡില്‍ കുറച്ചു വൃക്ഷ തൈകള്‍ നട്ട് പിടിപ്പിച്ചാല്‍ എന്ത് ചെയ്യും. ഇവന്മാര്‍ പ്രസംഗിച്ചു നടക്കുകെ ഉള്ളൂ. പ്രവര്‍ത്തിയില്‍ കാണിക്കില്ല. കോണ്‍ക്രീറ്റ് മാത്രം ചുറ്റിനും.'ഇല്ല....എനിക്ക് തെറ്റി.  എന്നും ഇവിടെ വന്നിട്ടും,ബസ്‌ സ്റ്റാന്‍ഡിനു വടക്ക് വശത്ത്‌, ആകാശ നീലിമയോട് കിന്നാരം പറഞ്ഞു കൊണ്ട് തല ഉയര്‍ത്തി നില്‍ക്കുന്ന ആ കല്പ വൃക്ഷത്തെ ഞാന്‍ എന്തേ ഇതുവരെയും ശ്രദ്ധിക്കാത്തത്? ഇതൊക്കെ നോക്കാന്‍ എനിക്ക് എവിടെ സമയം'? തെങ്ങിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നിന്നും ഭക്തി ഗാനം ഒഴുകിപ്പരക്കുന്നുണ്ട്. തെങ്ങിന്‍റെ ചുവട്ടില്‍, ഹോട്ടെലില്‍ നിന്നും തള്ളപ്പെടുന്ന ഭക്ഷണ അവശിഷ്ടങ്ങളില്‍ അലഞ്ഞു തിരിയാറുള്ള പട്ടികളെ ഇപ്പോള്‍ കാണാനില്ല.   പക്ഷേ ആ അവസരം മുതലെടുത്ത്‌ കൊണ്ട് 1 ,2 കാക്കകള്‍ ശ്രദ്ധയോടെ എന്തൊക്കെയോ കൊത്തിപ്പോളിക്കുന്നുണ്ട് . അതിനെല്ലാം മുകളില്‍ ആകാശത്ത്, ഒരു പരുന്തിനെ ആക്രമിക്കാന്‍ 3 കാക്കകളുടെ വൃഥാ ശ്രമം. സര്‍ക്കസ് അഭ്യാസിയുടെ വഴക്കത്തോടെ പരുന്തു, കാക്കകളെ നിരാശപ്പെടുതികൊണ്ട് പറക്കുന്നു .ഇതൊന്നും ശ്രദ്ധിക്കാതെ ഒരു കാക്ക ഇപ്പോള്‍ വീഴും എന്ന മട്ടില്‍ ഓല തുമ്പത്തു ബാലാന്‍സ് ചെയ്തു കാറ്റിനോട് പടവെട്ടുന്നുണ്ട്.

               യാന്ത്രികതയുടെ ചൂടിനു നടുവില്‍, ബഹളങ്ങളുടെ ഈ വൈകുംന്നേരത്തില്‍, തിരക്ക് കൂട്ടലുകളുടെ പരാക്രമങ്ങളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍ എന്‍റെ മനസ്സില്‍ കുളിര്‍ തെന്നലായി  അതാ വരുന്നു സര്‍ക്കാര്‍ വനിതാ കോളേജില്‍ നിന്നുള്ള സുന്ദരിമാരെയും വഹിച്ചു കൊണ്ടുള്ള 4 15 - ന്‍റെ ലേഡീസ് ബസ്‌. എന്തിനാണാവോ ഞാന്‍ ഓരോ പ്രഭാതങ്ങളിലും ഉണരുന്നത്..എന്തിനാണാവോ ഞാന്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചു ഈ നാറുന്ന ബസ്‌ സ്ടണ്ടിന്റെ വെറ്റിലതുപ്പല്‍ നിറഞ്ഞ തൂണുകള്‍ ചാരുന്നത്‌ ....എന്തിനാവോ കറുത്ത് വരണ്ട മുഖത്തിന്‌ വേണ്ടി കണ്ണാടിക്കു മുന്‍പില്‍ നിന്ന് മണിക്കൂറുകള്‍ ചെലവാക്കുന്നത്...എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും മറുപടിയായി എത്തി കൊണ്ടിരിക്കുകയാണ് ആ ചുവപ്പില്‍ ഇളം മഞ്ഞ വരകളുള്ള സര്‍ക്കാര്‍ ബസ്‌.

                അല്ല ബസ്‌ വന്നു നിന്നല്ലോ! അതില്‍ നിന്ന് സുന്ദരിമാരുടെ മലവെള്ള പ്രവാഹം. തടയാനാകുന്നില്ല. ഞാന്‍ ആരെയൊക്കെ നോക്കണം. ഇന്നലെ കണ്ട മുടി പിന്നിയിട്ട ആ പെണ്‍കുട്ടി എവിടെ? ഇന്ന് അവള്‍ മുടി നിവര്തിയിട്ടിടുണ്ടാവും. അതാ വരുന്നു ഇളം നീലയില്‍ പൂക്കള്‍ വരച്ചു ചേര്‍ത്ത കുപ്പയവുമായി ഒരുവള്‍. അവള്‍ സുന്ദരിയാണല്ലോ. എന്‍റെ ഭാഗ്യം. അവളുടെ പിറകില്‍ നിന്ന് വരുന്നവള്‍ക്ക് അവളെക്കാള്‍ സൌന്ദര്യം കൂടത്തെ ഉള്ളൂ. അവര്‍ ഇങ്ങോട്ടാണല്ലോ വരുന്നത്. എന്നെ അവര്‍ നോക്കുന്നുണ്ടോ? അതെ അവര്‍ എന്‍റെ അടുത്ത് എത്തിക്കഴിഞ്ഞു. എന്തൊരു വാസനയാണ് അവര്‍ക്ക്. അവര്‍ ചൂടിയ മുല്ലപ്പൂവിന്റെതകുമോ,  അതോ അവര്‍ക്കുള്ള ജന്മസിദ്ധമായ   വാസനയാണോ? മുല്ല പൂവ് തവിട്ടു നിറമായി മാറിയിരിക്കുന്നു. രാവിലെ വച്ചതാവം, ചൂടേറ്റു വാടിയിരിക്കുന്നു .  അവര്‍ എന്‍റെ തൊടാവുന്ന അകലത്തില്‍ ആണല്ലോ ഇപ്പോള്‍.  വെളുത്തിട്ടു, പട്ടു പോലെ മിനുസമുള്ള  അവരുടെ ചര്‍മ്മം. ഒരുമിച്ചു രണ്ടു പേര്‍. ആരാണ് കൂടുതല്‍ സുന്ദരി? എന്തൊരു  ആകര്‍ഷകത്വം! തൊടാന്‍ കൊതി തോന്നും. ഞാന്‍ തൊടട്ടെ. പട്ടു പോലെ അല്ലെന്നുണ്ടോ? ശരിയാണ്.  ഇന്നത്തെ ദിവസം നല്ലതാണല്ലോ? വീണ്ടും വീണ്ടും ആള്‍ക്കാര്‍ ഇറങ്ങി വരുന്നുണ്ട്. മുടി പിന്നിയിട്ട പെണ്‍കുട്ടി മാത്രം ഇന്ന് ഇല്ല. പക്ഷേ അത് കൊണ്ട്  എന്താ പ്രശ്നം.അവളെക്കാള്‍ സുന്ദരിമാര്‍  ഇവിടെ  ഒരുപാടുണ്ട്. സുന്ദര സ്വപ്‌നങ്ങള്‍ അയവിറക്കാന്‍ സമയമായോ? വെപ്രാളത്തില്‍ പെട്ടന്ന് വിഴുങ്ങിയില്ലേ. ഇനി സമയമെടുത്ത്‌ ദഹിപ്പിക്കണം. മനോരാജ്യങ്ങള്‍ ആണ് ഇന്നത്തെ ഇതുവരെയുള്ള  എന്‍റെ ഭക്ഷണം. അമ്മ പൊതിഞ്ഞു തന്ന ചോറ് എടുത്താല്‍ മതിയായിരുന്നു. വിശപ്പ്‌ നല്ലപോലുണ്ട് . എന്നും തലേന്നത്തെ പഴകിയ ചോറ് വറ്റിച്ചു തരും. അതാ ഇന്ന് വേണ്ടാന്ന് പറഞ്ഞത്. വന്നിട്ട് തിന്നു കൊള്ളാമെന്നു അപ്പോള്‍ പറഞ്ഞിരുന്നു. 
               ഇപ്പോള്‍ ആരൊക്കെയാണ് എന്‍റെ അടുത്തേക്ക്‌ വരുന്നത്...? അരയിള്‍ വലിയ വീതിയുള്ള പട്ടയോടു കൂടിയ ബെല്‍റ്റ്‌ കെട്ടി, കയ്യില്‍ ഒരു കൊച്ചു dairyയുമായി വരുന്നത് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനാണല്ലോ.  അഹങ്കാരിയാ. അയാള്‍ ഇങ്ങനെ നടക്കുന്നത് കൊണ്ടാണ് ഇവിടെ ബസ്‌ ഓടുന്നത് എന്നാണ്  ഭാവം. അയാളെ ഞാന്‍ എന്തിനു ശ്രദ്ധിക്കണം? അയാള്‍ക്ക് ഒട്ടും ചേരാത്ത ആ  കാക്കി കുപ്പായം തേച്ചു വെടിപ്പാക്കിയിട്ടിട്ടുണ്ട്.  അയാളെന്തിനു എന്‍റെ അടുത്തേക്ക് വരണം.എന്താ  കാക്കികളുടെ എണ്ണം കൂടുന്നുണ്ടോ? പോലീസു ആണോ?. തടിച്ച ശരീരമുള്ള ആ കപ്പട മീശക്കാരന്‍ പോലീസു തന്നെ, - അയാളെ എനിക്ക് ഇതിനു മുന്‍പും അറിയാം.  ഇളം നീലയില്‍ പൂക്കള്‍ വരച്ചു ചേര്‍ത്ത കുപ്പായമിട്ട ആ പെണ്‍കുട്ടി എങ്ങനെ അവരുടെ കൂടെ ആയി. അവളുടെ പിന്നാലെ വന്ന കൂടുതല്‍ സൌന്ദര്യമുള്ള പെണ്‍കുട്ടിയും, പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണോ? പക്ഷേ അവരുടെ ഒപ്പം എന്തിനാണ് അനാവശ്യമായി ഈ കാക്കി കുപ്പായക്കാര്‍.ലക്ഷിയബോധമുള്ള  ഒരു സംഘമാണല്ലോ അവരുടേത്. ലക്‌ഷ്യം ഞാനാണെന്ന് മാത്രം. ഒരു കാക്കി കുപ്പായക്കാരന്‍ എന്‍റെ കോളറില്‍ കുത്തിപ്പിടിച്ചു. എന്തിനാണാവോ? ചുറ്റിനും ബഹളങ്ങള്‍ കൂടുന്നതല്ലാതെ  കുറയുന്നില്ല. ഹോട്ടലില്‍ നിന്നും ഒഴുകി വന്നിരുന്ന ഭക്തി ഗാനം ഇപ്പോള്‍ തമിഴ് ധപ്പാം കൂത്തിന് വഴിമാറി കൊടുത്തു. പുരുഷാരം എനിക്ക് ചുറ്റും. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.... എനിക്കൊന്നു സമാധാനം തരൂ!! എല്ലാത്തിനും ഉത്തരം പറയാന്‍ ഞാന്‍ മാത്രം. ആ ബുദ്ധിമുട്ട് എന്നെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ അത് പ്രകടിപ്പിക്കട്ടെ?. സ്വയം തീര്‍ത്ത മതിലിനകത്തു ശ്വാസം കഴിക്കാന്‍ പാടുപെടുന്ന ഇക്കൂട്ടര്‍ക്ക് എന്നോട് ദേഷ്യം തോന്നുന്നത് അസൂയ കൊണ്ടല്ലാതെ മറ്റെന്താ? അതിനു എന്തിനാണ് ആ പോലീസുകാരന്‍ കരണം പൊത്തി അടിച്ചത്. കാഴ്ച മങ്ങുന്നുവോ - കണ്ണുകള്‍ തുറന്നു വയ്ച്ചു നോക്കൂ. കഴിയുന്നില്ല. കണ്ണീര്‍ കാഴ്ചയെ മറയ്ക്കുന്നു.  വേദന പടരുന്നുണ്ടല്ലോ. അത്, സ്റ്റേഷന്‍ തിരഞ്ഞു ശരിയാകാത്ത റേഡിയോ പോലെ  ശബ്ദമുണ്ടാക്കുന്നു? പക്ഷേ ആ വേദന എന്തായാലും തന്നെ അത് കടവായില്‍ നിന്നും ഒലിച്ചിറങ്ങി. വേദനക്ക് കടും ചുവപ്പ്  നിരമല്ലെന്നു    ആര് പറഞ്ഞു? അവര്‍ എന്നെ എന്തിനു വലിക്കുന്നു. എവിടെ  കൊണ്ട് പോകാനാണ്? അയ്യോ എന്നെ കാത്തു അമ്മ വീട്ടില്‍ ഉണ്ട്. ചെന്നീട്ടു വേണം എനിക്ക് എന്തെങ്കിലും തിന്നെണ്ടത്. എന്നെ കൊണ്ടുപോകരുതേ. നാലു ചുറ്റില്‍ നിന്നുള്ള ആക്രോശങ്ങളും ബഹളങ്ങളും ആക്ഷേപ ചിരികളും കുറഞ്ഞു വരുന്നു. നേരത്തെ അവര്‍ ആരെയാണ് പൂവാലന്‍  എന്ന് വിളിച്ചത്?
                ദിക്കറിയാത്ത ഒരു ശകടത്ത്തിലാണ് ഞാന്‍ ഇപ്പോള്‍. പക്ഷേ അതിനെ വലിക്കുന്നത് ശുഭാപ്തി വിശ്വാസം അല്ലല്ലോ?  അത് ബസ്‌ സ്ടാണ്ട് വിട്ടു പോകുന്നുണ്ട്. ആകാശത്തില്‍ ഇപ്പോള്‍ പരുന്തും കാക്കകളും ഇല്ല. തെങ്ങിന്‍ തലപ്പ്‌ ഇപ്പോഴും ആകാശത്തോട് കിന്നാരം പറയുന്നുവോ? എന്‍റെ കാഴ്ചകള്‍ക്ക് എന്തേ മങ്ങിയ നിറം. തെങ്ങോലയില്‍ ബാലന്‍സു ചെയ്തിരുന്ന ആ കാക്ക ഇപ്പോള്‍ അവിടെ ഉണ്ടാവുമോ എന്തോ?

Sunday, September 19, 2010

ആമുഖം

                                     .......പറന്ന് പറന്ന്

നിശയുടെ  കമ്പിളി പുതപ്പിലേക്ക്  ഉള്‍വലിയാന്‍  തിരക്ക് കൂട്ടുന്ന മനസ്സ് ......
പകല്‍ മുഴുവന്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു,    ഒടുവില്‍ ആത്യന്തിക ലക്‌ഷ്യം  അറിയുമ്പോള്‍ , അതിനടുതെതുമ്പോള്‍   ഉണ്ടാകുന്ന  സുഖകരമായ  ശാന്തത ........
അമ്മയുടെ മടിയിലേക്ക്‌, മുടിയിഴകളെ വകഞ്ഞുകൊണ്ടുള്ള തലോടലിലേക്ക്  കൂപ്പുകുത്താനുള്ള വെമ്ബലുമായി....


ദിക്ക്    തെറ്റാതെ ..... തളരാതെ ...... പറന്ന് പറന്ന്.......
പ്രിയ സുഹൃത്തുക്കളെ,
                ഞാൻ ആരെന്നു അറിയിക്കുന്നില്ല. പക്ഷെ വിശ്വസിക്കാം സുഹൃത്താണ്‌. സന്തോഷത്തിലും ദുഖത്തിലും ഞാൻ ഉണ്ടാവും. രഹസ്യവും പരസ്യവും ഗോസ്സിപ്പും രോഷവും പങ്കു വയ്ക്കാം. .  പിന്നെ ഈ ബ്ലോഗ്‌... ഇത് എന്റെ ടൈം പാസ്‌ ആണ്?... എന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ഇതിനെ ഒരു മരച്ചില്ല  എന്ന് ഞാൻ വിളിക്കട്ടെ. പ്രളയം നിറഞ്ഞ ലോകത്തിലേക്ക്‌ മോശ തുറന്നു വിട്ട  വെള്ളരി പ്രാവിന് ആശ്രയം നല്കിയ  മരച്ചില്ല..  ദിക്ക്    തെറ്റാതെ ..... തളരാതെ ......പറക്കാൻ എന്നെ തുണക്കുന്ന  മരച്ചില്ല.