തിരക്കേറിയ ആ ബസില്‍, ഞാന്‍ ഓഫീസില്‍ പോകുവാനായി കയറിയതാണ്. സാധാരണ ഈയിടെയായി ഞാന്‍ ബസില്‍ കയറാറില്ല. എന്‍റെ കാര്‍ സര്‍വീസിനു നല്‍കിയിരിക്കുന്നു. എന്തായാലും ഇന്ന് ആട്ടോ പിടിക്കേണ്ട എന്ന് കരുതി ആദ്യം കണ്ട ബസില്‍ തന്നെ കയറി. പ്രൈവറ്റ് ബസില്‍ കയറാതിരിക്കാന്‍ - ആ ബസ്സ് ഏതോ ഒരു മുതലാളിയുടെതാകുമല്ലോ - ഞാന്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. സമത്വ സുന്ദര സ്വപ്നങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്നു കൊണ്ട് എന്നിലെ നവ ലിബറല്‍ ഇടതുപക്ഷക്കാരന്‍ സര്‍ക്കാര്‍ ബസ് തന്നെ തിരഞ്ഞെടുത്തു. മത്സരം ആണ് വളര്‍ച്ചയുടെ മൂലധനം എന്ന് പറഞ്ഞത് ഫിലിപ്പ് കോട്ലെരോ* അതോ ഐ എം എഫ് ഉദ്യോഗസ്ഥനോ മറ്റോ ആണ്. ഇവരുടെയൊക്കെ അനുഗ്രഹത്താല്‍ മത്സര ബുദ്ധിയോടെ കയറിയത് കാരണം എനിക്ക് സീറ്റ് കിട്ടി. കൂടെ മത്സരിച്ചു പരാജയപ്പെട്ട്, കമ്പിയില്‍ പിടിച്ചു തൂങ്ങി നില്ക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനെ ഞാന്‍ സ്വാര്‍ഥതയും അഹങ്കാരവും ആവരണം ചെയ്ത സഹതാപത്താല്‍ നോക്കി നെടുവീര്‍പ്പിട്ടു. 'സഖാവെ, ഒരു സീട്ടിനാണ് ഈ നാട്ടില്‍ ഏറ്റവും അധികം ആവശ്യക്കാരും അടിപിടിയും...'.
പൊതുജനങ്ങളോട് ഒന്നാകെ, ദേഷ്യം ശാപവാക്കുകളാല്‍ ഉരുവിട്ട് കൊണ്ട് ആ ബസ്സ് നിരങ്ങി നീങ്ങി. ഞാന്‍ അടുത്തിരിക്കുന്നവനെ സാകൂതം വീക്ഷിച്ചു. ഒരു പയ്യന്‍. ഒട്ടും മോഡേണ്‍ അല്ലാത്തവന്‍. അവന്റെ കുപ്പായങ്ങള്‍ക്ക് നാണം മറക്കുന്ന പ്രാഥമിക ജോലി മാത്രമേ ചെയ്യുവാനുണ്ടായിരുന്നുള്ളൂ. ഞാന്‍ ഇട്ടിരിക്കുന്ന multi national brand പ്രദാനം ചെയ്യുന്ന ആത്മവിശ്വാസത്തിന് മുന്‍പില്‍ അത് മുഖം കുനിച്ചു. തൊട്ടടുത്ത് ഇരിക്കുന്നവനില്‍, അന്നത്തെ അവന്റെ നല്ല മൂഡ് കളയുവാന്‍ തക്ക വണ്ണം ഞാന്‍ എന്‍റെ അഹങ്കാരത്തിന്റെ കയ്യും കാലും കൂടുതല്‍ ധിക്കാരത്തോടെ തന്നെ extend ചെയ്തു. വല്ലാതെ അവജ്ഞയോടെ എന്നെ നോക്കിയ ആ പയ്യനെ ഞാന്‍ പകുതി അടഞ്ഞ, കണ്ണടക്കു മുകളില്ലോടെ ശ്രമപ്പെട്ടു എത്തിനോക്കുന്ന, 'gazetted കണ്ണ്' കൊണ്ട് വിരട്ടി ഒതുക്കി. ഞാന്‍ വര്‍ഷങ്ങളുടെ ശ്രമഭലമായി നേടിയെടുത്ത ക്രൂര ഭാവം - അതാണല്ലോ സ്ഥായീഭാവം - ആ വിരട്ടലിനു കൂടുതല്‍ പ്രസക്തിയേകി. 'Gazetted ആപ്പീസര്‍മാരുടെ സംഘടനയുടെ ജില്ലാ കമ്മിറ്റി മെമ്പര്‍ ആയ തന്നോട് കളിക്കല്ലേ മോനെ . നിന്റെ അപ്പനും അമ്മയും കാസര്‍ഗോഡ് കാണും'.
പിന്നെ ഞാന്‍ അഹങ്കാരത്തിന് നീളവും വ്യാപ്തിയും കൂട്ടി, ഇനി നിനെക്കെന്തെലും പറയാനുണ്ടോടാ എന്ന പുച്ഛത്തോടെ....
തിരക്ക് എനിക്ക് ഇഷ്ടമുള്ള വിഷയമേയല്ല. വിരക്തിയില്‍ നിന്ന് വിടുതല്‍ നേടാനുള്ള സുഖിമാന്മാരുടെ പാഴ്ശ്രമം ആയാണ് എനിക്ക് തിരക്ക് അനുഭവപ്പെടാരുള്ളത്. അത്തരക്കാരെ കപട നാട്യക്കാര്‍ എന്ന് അഭിസംബോധന ചെയ്യാന്‍ മാത്രമേ ഞാന്‍ ഇഷ്ടപെട്ടിരുന്നുള്ളൂ. ഓഫീസില്‍, 'തിരക്ക് കൂടുന്നത് ജോണി സാറിന് ഇഷ്ടമില്ല' എന്ന് പ്യൂണ്‍ സുരേഷ് ഞാന്‍ കേള്‍ക്കാതെ അഭിപ്രായപ്പെട്ടത് എന്‍റെ 'well wishers' ആയ മഹിളാമണികള്‍ എന്നോട് രഹസ്യമായി പറഞ്ഞിട്ടുണ്ട്. അതിനു പ്രതികാരമായി ഒരു ദിവസം ഞാന്‍ അവനെ രാത്രി 8 മണിവരെ ജോലി തിരക്കിന്റെ പേരും പറഞ്ഞു പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അവിടെ തിരക്ക് എന്നെ സഹായിച്ചത് പ്രതികാര ഉപകരണമായിട്ടാണ്. എന്നോട് കളിച്ചാല്‍ അങ്ങനെ ഇരിക്കും. പുത്തന്‍ സാമൂഹിക ക്രമത്തില്‍ അടിയാളനും മേലാളനും ആരാണെന്നു അന്ന് ഞാന്‍ അവനു കാട്ടികൊടുത്തു. എന്നിരുന്നാലും അവന്‍ പറഞ്ഞതിലും ചെറിയ കാര്യമില്ലാതില്ല. മുന്നോട്ടും പിന്നോട്ടും പോകുന്ന യാത്രക്കാരുടെ തട്ടലും മുട്ടലും എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. 'നാട്യക്കാരെ... ഈ തട്ടലുകളും മുട്ടലുകളും നിങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ്!' എന്‍റെ ദേഷ്യം മുഖത്തെ ഭാവാഭിനയമായി പുറത്തു വരുമ്പോളേക്കും തട്ടിയവന്‍ നടന്നു നീങ്ങിയിട്ടുണ്ടാവും. പിന്നെ ആ ഭാവം അടുത്ത് നില്‍ക്കുന്നവന്റെ മുഖത്തേക്ക് തുപ്പി, 'എല്ലാവനും കൂടി വേണ്ടിയിട്ടാ ഞാന്‍ ഇത് പ്രകടിപ്പിച്ചത്' എന്ന പുതിയ ഭാവം മുഖത്ത് വരുത്തിച്ചു കൈയും കെട്ടി ഇരിക്കും. സമത്വ സുന്ദര ലോകം സ്വപ്നം കാണുന്ന എന്നിലെ ലിബറല്‍ ഇടതുപക്ഷ സാമൂഹ്യ ജീവി ആ യാത്രയില്‍ ഉടനീളം സഹജീവികളോടുള്ള ദേഷ്യവും വെറുപ്പും മിക്സ് ചെയ്തു കഴിച്ചു കൊണ്ടേയിരുന്നു... അതില്‍ നിന്ന് ലഹരി നുകര്‍ന്നുകൊണ്ടിരുന്നു ...
ബസ് ഒരു പ്രധാന കവലയില്‍ എത്തി. ഇനി എന്‍റെ ഓഫീസിനു മുന്നില്‍ എത്താന്‍ 3 സ്റ്റോപ്പ് കൂടെ ഉള്ളൂ. അപ്പോളാണ് കീചോം മീചോം എന്ന് കരഞ്ഞു കൊണ്ടിരിക്കുന്ന, ഒരു കൈക്കുഞ്ഞിനെ കട്ടിയുള്ള തുണിയില്‍ പൊതിഞ്ഞ കൊണ്ട് അതിന്‍റെ തള്ളയും പിന്നെ വേറൊരു സ്ത്രീയും എന്‍റെ സീറ്റിനു അടുത്തേക്ക് വന്ന് നിന്നത്. കുഞ്ഞാണെങ്കില്‍ വല്ലാതെ കരയുന്നുണ്ട്. അവനും എന്നെപ്പോലെ സാമൂഹ്യ ജീവിയായി വളരുകയാണ്. അവന്റെ പ്രതിഷേധം ശബ്ദമായി പുറത്തു വരുന്നു. പക്ഷേ അവന്‍ എന്നെയും ശത്രുവായി കാണുന്നുണ്ട്. അതിനാല്‍ അവനോടു ഒരു അനുകമ്പയും വേണ്ട എന്ന് സ്വാര്‍ഥന്‍ ജോണി പിറുപിറുത്തു. എനിക്ക് ദേഷ്യം കൂടി വരുന്നുണ്ട്. കാരണം, ആ ശബ്ദം എന്‍റെ ചെവിയിലാണ് കൂടുതല്‍ വീഴുന്നത്. ഒരു dystopia* * രൂപപ്പെടുന്നത് സഹ യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ ആ നില്‍ക്കുന്നവരെ ശ്രദ്ധിക്കാതെ ഇരുന്നു. നോക്കിപ്പോയാല്‍ സീറ്റ് മാറിക്കൊടുക്കേണ്ടി വരും. അതാണല്ലോ ഈ സാമൂഹിക വ്യവസ്ഥയിലെ ഒരു നശിച്ച കീഴ്വഴക്കം. ഞാന്‍ എന്തിനു മാറണം? വേറെ ആള്‍ക്കാര്‍ ഇരിക്കുന്നില്ലേ? അവര്‍ക്കുമില്ലേ മര്യാദകളും കീഴ്വഴക്കങ്ങളും? എങ്കിലും, ജന്മനാ എനിക്കുള്ള ജിജ്ഞാസ എന്നെ പിടികൂടിയതിനാലും, എന്‍റെ പരിചയക്കാര്‍ ആരെങ്കിലുമാണോ ആ നില്‍ക്കുന്നത് എന്ന സന്ദേഹം വളര്‍ന്നു വന്നതിനാലും ഞാന്‍ ഇടം കണ്ണിട്ടു - അവരെയല്ല എന്ന മട്ടില്‍ - നോക്കി. നോക്കി ഉറപ്പിച്ചു. എന്‍റെ ആരും അല്ല. കൊള്ളിയാന്‍ പോലെ സമാധാനം ഒരു നിമിഷത്തേക്ക് കടന്നു വന്നു. തൊട്ടു പിന്നാലെ വലിയ സബ്ദത്തോടെ കൂടുതല്‍ വലിയ സന്ദേഹം മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു. കാരണം, ആ മുതിര്‍ന്ന സ്ത്രീയില്‍ എന്തോ ഒരു പരിചിത ഭാവം ഞാന്‍ ശ്രദ്ധിച്ചു. ശരിയാണ്, അവര്‍ എന്നെയും നോക്കുന്നുണ്ട്. ഏതാണ്ട് എന്നോളം പ്രായം വരുന്ന ഒരു മധ്യ വയസ്ക. അവര്‍ ഇങ്ങനെ നോക്കുന്നത് ഞാന്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതിനു വേണ്ടി തന്നെയാണോ? അവരുടെ മകളാവും ആ കൈകുഞ്ഞിന്റെ അമ്മ. മകളോടും പേരക്കുട്ടിയോടുമുള്ള വാത്സല്യം കാരണമാവും അങ്ങനെ നോക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
എന്നാലും ഞാന്‍ ഇവരെ എവിടെയാണ് കണ്ടിട്ടുള്ളത്? ഓഫീസില്‍ കയറിയിറങ്ങുന്ന പരശതം പേരില്‍ ആരെങ്കിലും ഒന്ന് ആവും. എന്നെ അറിയാമായിരിക്കും. ഇനി ഭാര്യയുടെ അകന്ന ബന്ധുക്കള്‍ വല്ലതും ആണോ?
എന്‍റെ ചിന്തകളെ നെടുകെ മുറിച്ചു കൊണ്ട്, എന്നെ വളരെയധികം വിസ്മയിപ്പിച്ചുകൊണ്ട് ആ സ്ത്രീ എന്നോട് ചോദിക്കുന്നു " ജോണി അല്ലേ ?".
"അതെ" എന്ന് യാന്ത്രികമായി ഉത്തരം മൂളുന്നത്തിനിടയിലും എന്‍റെ മനസ്സ് ഉള്ളിലുള്ള ഡാറ്റാബേസ് മുഴുവന്‍ അരിച്ചു പറക്കുന്നുണ്ടായിരുന്നു. മുട്ടിലിഴഞ്ഞ പ്രായം തൊട്ടു ദാ ഈ ബസ്സില്‍ കയറിയവരെക്കുമുള്ള കാര്യങ്ങള്‍ നിമിഷങ്ങള്‍ക്കകം ഞാന്‍ മറിച്ചു നോക്കി. ഒടുവില്‍ എപ്പോഴും എവിടെയും എന്നെ ജേതാവാക്കി നിറുത്തുന്ന എന്‍റെ ഓര്‍മ്മ ശക്തി പരാജയം സമ്മതിക്കുന്നു . അവളെ ....അല്ല.. ആ മധ്യവയസ്കയെ ഞാന്‍ തിരിച്ചറിയുന്നില്ല..
" ഞാന്‍ അഥീനയാണ്. നമ്മള്‍ ഒരുമിച്ചു പഠിച്ചിട്ടുണ്ട്"
പിന്നെ ഒരു വെപ്രാളമായിരുന്നു.അതിന്‍റെ അനന്തിര ഫലമെന്നോണം എന്‍റെ സീറ്റില്‍ ആ അമ്മയും കുഞ്ഞും സുഖമായി ഇരുന്നു. വെപ്രാളം മാറി തിരികെ സമാധാനം വന്നപ്പോള്‍ എന്‍റെ മനസ്സില്‍ കോളേജ് കാലത്തെ ഓര്‍മ്മകകിലേക്ക് ഫോക്കസ് ചെയ്തു... ദഹിക്കാതെ കിടക്കുന്നവ പലതും തികട്ടി വന്നു. അവയ്ക്ക് ഉള്ളിലേക്ക് ഇറങ്ങിയപ്പോഴുള്ള മധുരം ഇല്ലായിരുന്നു.
അവള്‍ അഥീന. എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വയ്പ്പിച്ചവള്‍. എന്‍റെ ഹൃദയത്തില്‍ പ്രനെയത്തിന്റെ കൂരമ്പുകള്‍ കുത്തി മുരിവേല്പ്പിച്ചവള്‍.
"One half of me is yours, the other half yours-
Mine own, I would say; but if mine, then yours,
And so all yours!" - Shakespeare
എന്‍റെ മനോവികാരങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ ഉള്ള കഴിവില്ലായ്മ എന്നെ പല ഘട്ടങ്ങളിലും പരാജിതനാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ ഉദ്യേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നതിലും എനിക്ക് പലപ്പോഴും പാളിച്ച പറ്റാറുണ്ട്. എന്‍റെ ആദ്യ പ്രണയം പക്ഷേ , ഞാന്‍ അഥീനയെ മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ച കൊണ്ടാണ് അകാല ചരമം പ്രാപിച്ചത് എന്ന് എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ സത്യം അതായിരുന്നു. അവള്‍ ഒരു ഒന്നാന്തരം നാട്യക്കാരിയായിരുന്നു. ഞാന്‍ സഹജീവികളോട് സദാ കലഹിക്കുന്ന, വരട്ടു തത്വം മാത്രം പറയുന്ന അവസരവാദിയും. അതിനാല്‍ തന്നെ ഞങ്ങള്‍ ഒന്നായില്ല. ഒരേ ധ്രുവത്തിലെ രണ്ടു പ്രബല ശക്തികള്‍ക്കു അങ്ങനെ അല്ലതാകാന്‍ വഴിയില്ലല്ലോ? അവളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാം, ജോണി എന്ന പരാജിതനെ ഞാന്‍ കണ്ടു മുട്ടും. ആ പരാജിതന്‍ എന്നെ സ്ഥിരം ആക്ഷേപിക്കുമായിരുന്നു...എന്‍റെ സ്വഭാവത്തെ...എന്‍റെ ശരീരത്തെ...എല്ലാം..... അവനില്‍ നിന്ന് രക്ഷാ നേടാന്‍ ഞാന്‍ അവന്റെ വഴി മാറി നടന്നു തുടങ്ങി. അതിനാല്‍ തന്നെ ഈ ദിവസങ്ങളില്‍ ഒന്നും, എന്നല്ല എന്‍റെ പിന്നിട്ട രണ്ടു ദശാബ്ദങ്ങളില്‍ ഒരിക്കല്‍ പോലും അഥീന എന്‍റെ മനസ്സിലേക്ക് കടന്നു വരാറേ ഇല്ലായിരുന്നു... ബോധപൂര്‍വ്വം ഞാന്‍ കല്‍പ്പിച്ച വിലക്ക്...
പക്ഷേ, അതോക്കെയാനെങ്കിലും അവള്‍ എനിക്ക് ചൊല്ലിതന്ന പ്രണയത്തിന്റെ മറുവാക്കുകള്‍ എന്‍റെ മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ട്. പില്‍ക്കാലത്ത് എനിക്ക് നിലയും വിലയും നേടിത്തന്ന പാഠങ്ങള്‍.. അവ 'കോപ്പ്' , 'മണ്ണാങ്കട്ട' എന്നൊക്കെയായിരുന്നു.
ഒടുവില്‍ ഞാന്‍ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം അവളെ ഈ ബസ്സില്‍ വച്ചു കണ്ടെത്തുന്നു.
അവള്‍ ആകെ മാറിപ്പോയല്ലോ. കരിമഷി എഴുതിയ ആ മനോഹര നയന സൌന്ദര്യം കാലത്തെ തോല്പ്പിക്കാനാവാതെ ശോഷിച്ചു പോയിരിക്കുന്നു. എന്‍റെ അഹങ്കാരത്തിന്, അന്നത്തെ ഞാന്‍ അത് പോലെ തന്നെ നില്‍ക്കുന്നില്ലേ? - സഹജീവികളോടുള്ള വെറുപ്പുമായി, വരട്ടു തത്വ വാദത്തോടെ...പക്ഷേ അവള്‍....ഇപ്പോഴും അവള്‍ ആ പഴയ നാട്യക്കാരിയാണോ? അവള്‍ ജീവിതം നടിച്ചു തീര്‍ത്തോ? പിന്നാംപുരതെക്ക് എറിയപ്പെട്ടു കഴിഞ്ഞോ? പുതിയ അഭിനേതാക്കള്‍ ... പുതിയ വേദി....
എന്‍റെ പ്രണയത്തിനു പുല്ലു വില കല്‍പ്പിച്ച നാട്യക്കാരീ ... , ഒടുവില്‍ നീ എന്‍റെ ഔദാര്യം പറ്റിയിരിക്കുന്നു. നിന്റെ സൌന്ദര്യം നശിച്ചിരിക്കുന്നല്ലോ ? .... എനിക്ക് തിരിച്ചറിയാനാവാത്ത വിധം നീ ഇന്ന് മാറിപ്പോയിരിക്കുന്നു...നിന്റെ കഷ്ടപാടുകള്‍ എനിക്ക് സന്തോഷമാകാന്‍ പാടില്ലായിരുന്നു... പക്ഷേ, എന്ത് ചെയ്യാം?
ഇന്ന് ഞാന്‍ സന്തോഷിക്കും...കരണം, എന്നെ പരാജിതനാക്കിയ അഥീന ഇപ്പോള്‍ എന്‍റെ ദയ പറ്റിയിരിക്കുന്നു. എന്നെ, അന്നത്തെ ആ തോല്‍വിയുടെ പേരും പറഞ്ഞു സ്ഥിരം കളിയാക്കാന്‍ വന്നിരുന്ന ആ പരാജിതന്‍ എവിടെ?. ഇന്ന് അവനോടു പിടിച്ചു നില്‍ക്കാനുള്ള വക എനിക്ക് കിട്ടിയിട്ടുണ്ട് ... അവനോടു ഇന്ന് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം...
ഇന്ന് വളരെ നല്ല ദിവസമാണല്ലോ... കാര്‍ എടുക്കാത്തത് നന്നായി... അല്ലെങ്കില്‍ ഞാന്‍ ഈ പ്രതികാരം എങ്ങനെ വീട്ടും. തിരക്ക് വീണ്ടും എനിക്ക് പ്രതികാരതിനുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു.
ഞാന്‍ ഉയരുകയാണോ?...തല ബസ്സിന്റെ മേല്‍ക്കൂരയില്‍ മുട്ടും. ഇല്ല... അത് മേല്കൂരയെ തുളച്ചു പുറത്തു കടന്നു... വീണ്ടും വീണ്ടും ഉയരുകയാണോ? അല്ല ഞാന്‍ പറക്കുകയാണ്... പാദങ്ങള്‍ നിലത്തു തൊടുന്നില്ലല്ലോ?...
"സാറേ ഇറങ്ങുന്നില്ലേ". എന്‍റെ തോളില്‍ ആരോ തട്ടിക്കൊണ്ടു ചോദിക്കുന്നു. പ്യൂണ്‍ സുരെഷിന്റെതാണ് ആ വിളി. ഞാന്‍ നിലത്തു പാദങ്ങള്‍ ഉറപ്പിച്ചു. എന്നെ നോക്കി സുരേഷ് പുഞ്ചിരിക്കുന്നു. അവനും ഈ ബസ്സില്‍ ഉണ്ടായിരുന്നു. അവന്‍ ഈ നടന്നത് വല്ലതും ശ്രദ്ധിച്ചോ ആവോ? എന്‍റെ ഓഫീസിനു മുന്‍പില്‍ ബസ് നിര്തിയിരിക്കുന്നല്ലോ... ഞാന്‍ അഥീനയെ നോക്കി. " ഇറങ്ങട്ടെ". അവള്‍ ഒരു പുഞ്ചിരിയില്‍, തലകുലുക്കത്തില്‍ മറുപടി ഒതുക്കി.
ഞാന്‍ ആരെന്നറിയാതെ അവളുടെ മകളും കുഞ്ഞും...
പക്ഷേ അവര്‍ എന്തേ എന്നെ ശ്രദ്ധിക്കാത്തത്?... ഞാന്‍ ആരാന്നു എന്തേ അഥീന അവരോടു പറയാത്തത്?
ഞാന്‍ ആരെന്നറിയാതെ അവളുടെ മകളും കുഞ്ഞും...
പക്ഷേ അവര്‍ എന്തേ എന്നെ ശ്രദ്ധിക്കാത്തത്?... ഞാന്‍ ആരാന്നു എന്തേ അഥീന അവരോടു പറയാത്തത്?
കുറച്ചു മുന്‍പ് ഞാന്‍ ഇരുന്ന സീറ്റ്....
ഞാന്‍ ബസ്സില്‍ നിന്ന് ഇറങ്ങി... യാന്ത്രികമായി കൈ വീശി.... ഇപ്പോള്‍ ബസ്സ് ദേഷ്യത്തോടെ മുറുമുരുക്കുന്നത് എന്നോടാണോ? ശാപവാക്കുകളോടെ അത് നിരങ്ങി നീങ്ങി...കറുത്ത പുക മാത്രം ശേഷിക്കുന്നു. അത് ആകാശത്തിലേക്ക് ഉയരുന്നു, പാദം നിലത്തു മുട്ടിക്കാതെ...
"സുരേഷേ വാടാ. നമുക്ക് എന്തേലും കഴിച്ചിട്ട് കയറാം". ഞാന്‍ സുരേഷിനെ canteen - ലേക്ക് ക്ഷണിച്ചു. എന്‍റെ മുഖത്ത് അപ്പോള്‍ ഒരു പുതിയ ഭാവം തെളിഞ്ഞു...
എന്‍റെ പുതിയ ഭാവത്തില്‍ അവന്‍ കുറച്ചൊന്നു അത്ഭുതപ്പെടാതിരുന്നില്ല.......
-------------------------------------------------------------------------------------------------------------* - a management expert in marketing.
* * - opposite of utopia.